ഓക്‌സിജന്‍ ക്ഷാമം; സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്

കേന്ദ്ര സർക്കാരിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിലാണ് പ്രകാശ് രാജ് പ്രതികരിച്ചത്‌. ബിജെപി സര്‍ക്കാരിന് ജനങ്ങളുടെ ജീവനല്ല വലുത്, മറിച്ച് തെരഞ്ഞെടുപ്പ് വിജയമാണെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. രാജ്യത്ത് ഓക്സിജൻ ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ സർക്കാർ എന്തുക്കൊണ്ട് പ്രശ്നം പരിഹരിക്കുന്നില്ലെന്ന ഹൈക്കോടതിയുടെ പരാമർശം പ്രകാശ് രാജ് ട്വിറ്ററി ല്‍ പങ്കുവെച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്നതിലുള്ള രീതി കണ്ട് ഞെട്ടലിലാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തില്‍ പരിഹാരമുണ്ടാകാത്തതിൽ നിരവധി വിമർശനങ്ങളാണ് കേന്ദ്ര സർക്കാർ നേരിടുന്നത്.

കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റി അയച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ തന്നെയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ ഉള്ളത്. ഏപ്രില്‍ 2020നും ജനുവരി 2021നുമിടയില്‍ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ രാജ്യം വിദേശത്തേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്. 2020ലെ സാമ്പത്തിക വര്‍ഷത്തില്‍ 4,500 മെട്രിക് ടണ്‍ ഓക്‌സിജന്‍ മാത്രമാണ് രാജ്യം കയറ്റുമതി ചെയ്തിരുന്നത്. ഇത്തവണ ഏതാണ്ട് ഇരട്ടിയോളമായാണ് വര്‍ധിച്ചിരിക്കുന്നത്. 2020 ജനുവരിയില്‍ ഇന്ത്യ 352 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റുമതി ചെയ്തപ്പോള്‍ 2021 ജനുവരിയില്‍ കയറ്റുമതിയില്‍ 734 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

Top