ഓക്‌സിജന്‍ ക്ഷാമം; വിതരണ ദൗത്യം ഏറ്റെടുത്ത് ഇന്ത്യന്‍ വ്യോമസേന

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഓക്‌സിജന്‍ വിതരണ ദൗത്യം വ്യോമസേന ഏറ്റെടുത്തു. വിവിധ ഫില്ലിങ് സ്റ്റേഷനുകള്‍ക്ക് ആവശ്യമായ വലിയ ഓക്‌സിജന്‍ ടാങ്കറുകള്‍ എത്തിക്കാനുള്ള നടപടികളാണ് വ്യോമസേന ആരംഭിച്ചത്.

വ്യോമസേനയുടെ സി-17, ഐ.എല്‍-76 ചരക്ക് ഗതാഗത വിമാനങ്ങള്‍ ഉപയോഗിച്ചാണ് വന്‍തോതില്‍ ഓക്‌സിജന്‍ ടാങ്കറുകള്‍ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത്. കൂടാതെ, ആരോഗ്യ പ്രവര്‍ത്തകര്‍, അടിയന്തര ഉപകരണങ്ങള്‍, മരുന്നുകള്‍ അടക്കമുള്ളവ വിവിധ കോവിഡ് ആശുപത്രികളില്‍ എത്തിക്കാനും സേനയുടെ സേവനം ലഭ്യമാണ്.

രാജ്യ തലസ്ഥാനമായ ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ ഓക്‌സിജന്‍ ക്ഷാമമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ ജര്‍മനിയില്‍ നിന്ന് ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുന്ന മൊബൈല്‍ പ്ലാന്റുകളും കണ്ടെയ്‌നറുകളും ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം 23 മൊബൈല്‍ ഓക്‌സിജന്‍ ഉല്‍പാദന പ്ലാന്റുകളാണ് ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു.

 

Top