ഓക്‌സിജന്‍ സിലിണ്ടര്‍ തട്ടിപ്പ്; രണ്ട് പേര്‍ പൊലീസ് പിടിയില്‍

ന്യൂഡല്‍ഹി: ഓക്‌സിജന്‍ സിലിണ്ടറുകള്‍ വീട്ടിലെത്തിച്ച് നല്‍കാമെന്ന് പറഞ്ഞ് കൊവിഡ് രോഗികളെയും വീട്ടുകാരെയും പറ്റിച്ച കേസില്‍ സാമൂഹിക പ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്ന 21കാരനെയും കൂട്ടാളിയെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.

കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് ഫോണും സിം കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തു. യുവജന സംഘടനയായ ഇന്ത്യാ യൂത്ത് ഐക്കണ്‍ ടീമിന്റെ പ്രസിഡന്റാണ് താന്‍ എന്ന് പറഞ്ഞ് പ്രതിയായ റിതിക് കുമാര്‍ സിങ് 2021 ഏപ്രില്‍ മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 50ഓളം പേരെ ലക്ഷക്കണക്കിന് രൂപയ്ക്ക് കബളിപ്പിച്ചതായി പൊലീസ് പറയുന്നു.

പരാതിക്കാരനായ സാഞ്ചെത് അഗര്‍വാള്‍ തന്റെ കൊവിഡ് ബാധിതയായ അമ്മക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങാനായി സമൂഹ മാധ്യമത്തില്‍ നിന്ന് ലഭിച്ച നമ്പരില്‍ ബന്ധപ്പെടുകയും ലഭിച്ച വിവരമനുസരിച്ച് 14000 രൂപ ഓണ്‍ലൈന്‍ വഴി അയച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ സിലിണ്ടര്‍ ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

പരാതിക്കാരന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് സൂക്ഷ്മ പരിശോധന നടത്തിയതില്‍ നിന്നും സന്ദീപ് ടി എന്ന വ്യക്തിയുടെ ബാങ്ക് അകൗണ്ടിലേക്കാണ് പണം കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആ അക്കൗണ്ടില്‍ നിന്ന് സന്ദീപ് പാണ്ഡെയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടിലേക്കും തുടര്‍ന്ന് റിതിക് കുമാര്‍ സിങിന്റെ അകൗണ്ടിലേക്കും പണം കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തി.

പ്രതികളുടെ മൊബൈല്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക രഹസ്യാന്വേഷണ വിഭാഗം അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ പ്രതികളായ റിതിക്, സന്ദീപ് എന്നിവരെ ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

അന്വേഷണത്തില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ തുകയില്‍ 4.23 ലക്ഷം രൂപ റിതികിന്റെ അക്കൗണ്ടില്‍ നിന്നും 2.43 രൂപ സന്ദീപിന്റെ അക്കൗണ്ടില്‍ നിന്നും കണ്ടെത്തി.

 

Top