വാലന്റൈന്‍സ് ഡേ ജയിലില്‍ ആഘോഷിക്കാന്‍ അവസരമൊരുക്കി യുകെയിലെ ഓക്സ്ഫോര്‍ഡ്

വാലന്റൈന്‍സ് ഡേ ഇനി അഴികള്‍ക്കുള്ളില്‍ ആഘോഷിക്കാം. പ്രണയത്തിന്റെ ഏറ്റവും നല്ല ഓര്‍മ്മകള്‍ ജയിലില്‍ ആഘോഷിക്കാന്‍ അവസരമൊരുക്കി യുകെയിലെ തന്നെ പഴയ ജയിലായിരുന്ന ഓക്സ്ഫോര്‍ഡ് ജയില്‍. ഫെബ്രുവരി 14 ന് പ്രണയികള്‍ക്ക് ജയിലിനുള്ളില്‍ വിരുന്നൊരുക്കിയിരിക്കുകയാണ് അധികൃതര്‍. 215 ഡോളര്‍ (17000 ഇന്ത്യന്‍ രൂപ) ആണ് ഭക്ഷണത്തിന് ചെലവ് വരുന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട് പറയുന്നു. പ്രണയിതാക്കള്‍ക്ക് വ്യത്യസ്തമായ രീതിയിലാണ് അത്താഴം ഒരുക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ചരിത്രപ്രധാന്യമുള്ള ഓക്സ്ഫോര്‍ഡ് ജയിലില്‍ എത്തി ഈ വര്‍ഷത്തെ പ്രണയദിനം അനുസ്മരണീയമാക്കാം.

മെഴുകുതിരിയും പൂക്കളും കൊണ്ട് വര്‍ണ്ണാഭമാക്കിയ മേശയ്ക്ക് ചുറ്റുമാണ് ഭക്ഷണം ഒരുക്കുന്നത്. തക്കാളി ടാര്‍ട്ടാരി, ഗാര്‍ലിക്ക് പര്‍മേസര്‍ ബ്രെയ്‌സ്ഡ് ബീഫ് ബ്ലേഡ് ഷോര്‍ട്ട്‌റിബ് പിറോഗി, ബാര്‍ബിക്യൂഡ് ലീക്ക് ടെറിന്‍ എന്നിവയും ഭക്ഷണ വിഭവങ്ങളില്‍ ഉള്‍പ്പെടുത്തും. ചോക്ലേറ്റ് മൂസ്, കസ്റ്റാര്‍ഡും പിസ്തയും ചേര്‍ന്ന കേക്ക് എന്നിവയും ഉണ്ടാകും. പ്രോസെക്കോയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1073-ല്‍ ഒരു മെഡിക്കല്‍ കോട്ടയായി നിര്‍മ്മിച്ചതാണ് ഓക്സ്ഫോര്‍ഡ് ജയില്‍. 1642-നും 1651-നും ഇടയില്‍ ഇംഗ്ലീഷ് ആഭ്യന്തരയുദ്ധകാലത്ത് ഈ കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. 1785-ല്‍ അത് ഒരു ജയിലാക്കി മാറ്റി. 1996 വരെ ജയിലായി പ്രവര്‍ത്തിച്ചെങ്കിലും ഇപ്പോള്‍ യുകെയിലെ തന്നെ എറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായി ഓക്‌സ്‌ഫോര്‍ഡ് ജയില്‍ മാറി.ഈ പ്രണയദിനം മനോഹരമാക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് ജയിലിലെ ആറ് സ്ഥലങ്ങളില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം എന്ന് ഓക്‌സ്‌ഫോര്‍ഡ് ജയില്‍ അവരുടെ വെബ്‌സൈറ്റിലൂടെയാണ് അറിയിച്ചത്. മരം കൊണ്ട് നിര്‍മ്മിച്ച കൂടാരങ്ങള്‍, ചരിത്രപരമായ കെട്ടിടങ്ങള്‍, തടവ് മുറികള്‍ എന്നിവയാണ് അതില്‍ ചിലത്.

കാമുകന്റെ വാക്ക് വിശ്വസിച്ച് അച്ഛന് വിഷം കൊടുത്ത കുറ്റത്തിന് വധശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന മേരി ബ്ലാന്‍ഡി, ഭ്രൂണഹത്യ നടത്തി എന്ന കുറ്റത്തിന് വധശിക്ഷ നേരിട്ട വീട്ടുജോലിക്കാരിയായിരുന്ന ആന്‍ ഗ്രീന്‍ എന്നിവര്‍ തടവില്‍ കഴിഞ്ഞിരുന്ന ജയിലറകളാണ് വിരുന്നിനായി തുറന്നുകൊടുക്കുക. ഗര്‍ഭിണിയായിരുന്നു എന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്ന് ആന്‍ ഗ്രീനും ഗര്‍ഭസ്ഥ ശിശുവിന് വളര്‍ച്ചിയില്ലായിരുന്നു എന്ന് മിഡ് വൈവ്‌സും സാക്ഷ്യപ്പെടുത്തിയിട്ടും ആന്‍ ഗ്രീന്റെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. വധശിക്ഷയിലെ നീതിയെകുറിച്ചും നീതികേടുകളെ കുറിച്ചും ലോകത്തെ ചിന്തിപ്പിക്കാന്‍ ഇത് കാരണമായിരുന്നു. ചരിത്രപ്രസിദ്ധമായ ഈ ജയിലറകളില്‍ ഇരുന്ന് അത്താഴം കഴിക്കാനുള്ള ചെലവ് 230 ഡോളര്‍ (19000 ഇന്ത്യന്‍ രൂപ) ആണ്.

Top