ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ പട്ടിണിയെ യുദ്ധത്തിന്റെ ആയുധമായി ഉപയോഗിക്കുന്നുവെന്ന് ഓക്സ്ഫാം

ലസ്തീന് നേരെയുള്ള ഇസ്രയേലിന്റെ ക്രൂരത അവസാനമില്ലാതെ തുടരുകയാണ്. യുദ്ധത്തിന്റെ ഭാഗമായി പലസ്തീനിലേക്കുള്ള ഭക്ഷണം, വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവ ഇസ്രയേല്‍ നിരോധിച്ചിരിക്കുകയാണ്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ പട്ടിണിയെ യുദ്ധത്തിന്റെ ആയുധമായി ഉപയോഗിക്കുന്നുവെന്ന് ഓക്സ്ഫാം കുറ്റപ്പെടുത്തി. ഉപരോധത്തിലുള്ള ഗാസ മുനമ്പിലേക്ക് അവശ്യ വസ്തുക്കള്‍ നല്‍കാനുള്ള ആഹ്വാനവും ഓക്സ്ഫാം പുതുക്കിയിട്ടുണ്ട്.

അതേസമയം, സമ്പൂര്‍ണ ഉപരോധനത്തിന് ശേഷം ആവശ്യമായതിന്റെ രണ്ട് ശതമാനം ഭക്ഷണം മാത്രമാണ് ഗാസയിലേക്ക് പ്രവേശിപ്പിച്ചതെന്ന് ഓക്സ്ഫാം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അടിയന്തര ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാന്‍ പ്രതിദിനം 104 ട്രക്ക് ഭക്ഷണമെങ്കിലും ഗാസയിലേക്ക് നല്‍കണമെന്നാണ് ഓക്സ്ഫാമിന്റെ വിലയിരുത്തല്‍. യുദ്ധത്തിന്റെ മാര്‍ഗമായി പട്ടിണിയെ കണക്കാക്കരുതെന്ന അന്താരാഷ്ട്ര മാനുഷിക നിയമത്തെയും പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ വഷളാകുന്നത് തടയാന്‍ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയോടും അംഗങ്ങളോടും ആവശ്യപ്പെട്ട ഓക്സ്ഫോര്‍ഡ്, ഭക്ഷണം, ഇന്ധനം, വെള്ളം, മരുന്നുകള്‍ എന്നിവ ലഭ്യമാക്കുന്നതിന് വേണ്ടി വെടിനിര്‍ത്തലിനും ആഹ്വാനം ചെയ്തു.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ ഗാസയില്‍ ഇസ്രയേല്‍ പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപരോധത്തിന് പുറമേ ഗാസയിലേക്കുള്ള ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ 6,600 പേരാണ് കൊല്ലപ്പെട്ടത്. ഒരു മാനുഷിക ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഗാസയിലേക്ക് കൂടുതല്‍ സഹായം നല്‍കണമെന്ന് ഇസ്രയേലിനോട് ഐക്യരാഷ്ട്ര സഭ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം 70ല്‍ കുറവ് ദുരിതാശ്വാസ ട്രക്കുകള്‍ മാത്രമാണ് ഗാസയിലേക്ക് പ്രവേശിപ്പിച്ചത്.

 

Top