ശബരിമല വെര്‍ച്വല്‍ ക്യൂ ഉടമസ്ഥത ദേവസ്വം ബോര്‍ഡിന് കൈമാറും

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി പോലീസ് ആവിഷ്‌ക്കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡിന് കൈമാറുന്നത്.

മുഖ്യമന്ത്രിക്ക് പുറമെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപന്‍, ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന് 2021ല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ച് 2022 മേയ് മാസത്തിലാണ് കോടതി ദേവസ്വം ബോര്‍ഡിന് അനുകൂലമായി വിധി പറഞ്ഞത്.

Top