ഉവൈസിയുമായി കൂട്ടുകെട്ടിനില്ല; മലക്കം മറിഞ്ഞ് ഡിഎംകെ

ചെന്നൈ:അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മുമായുള്ള ധാരണാനീക്കത്തില്‍നിന്നു ഡിഎംകെ പിന്മാറുന്നു. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ എതിര്‍പ്പ് ഉയര്‍ത്തിനെത്തുടര്‍ന്നാണ് തീരുമാനം. ഈ മാസം ആറിന് ചെന്നൈയില്‍ നടക്കുന്ന മുസ്ലിം സംഘടനകളുടെ യോഗത്തിലേക്കു ഉവൈസിയെ ക്ഷണിച്ചിട്ടില്ലെന്നു ഡിഎംകെ ന്യൂനപക്ഷ വിഭാഗം നേതാവ് ഡോ.ഡി.മസ്താന്‍ അറിയിച്ചു.

എഐഎംഐഎം സംസ്ഥാന പ്രസിഡന്റ് വക്കീല്‍ അഹമ്മദിനൊപ്പം മസ്താന്‍ കഴിഞ്ഞ ദിവസം ഹൈദരാബാദിലെത്തി ഉവൈസിയെ കണ്ടിരുന്നു. സന്ദര്‍ശനത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവരികയും ചെയ്തു. ഡിഎംകെയുടെ ക്ഷണം സ്വീകരിച്ച് ഉവൈസി യോഗത്തില്‍ പങ്കെടുക്കുമെന്ന് എഐഎംഐഎം നേതാക്കള്‍ അറിയിച്ചതിനു പിന്നാലെയാണു ഡിഎംകെ മലക്കം മറിഞ്ഞത്.

തമിഴ്‌നാട്ടില്‍ വലിയ വേരോട്ടമില്ലാത്ത എഐഎംഐഎം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 25-30 സീറ്റുകളില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. അണ്ണാഡിഎംകെ ബിജെപിയുമായി സഖ്യത്തിലായതിനാല്‍ ന്യൂനപക്ഷ വോട്ടുകളില്‍ ഭൂരിഭാഗവും ലഭിക്കുമെന്ന പ്രതീക്ഷ ഡിഎംകെയ്ക്കുണ്ട്. വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള നീക്കമെന്ന നിലയില്‍ കൂടിയാണു എഐഎംഐഎമ്മുമായി ധാരണയ്ക്കു ശ്രമിച്ചത്.

എന്നാല്‍, തമിഴ്‌നാട്ടില്‍ സ്വാധീനമില്ലാത്ത ഉവൈസിക്കു അമിത പ്രാധാന്യം നല്‍കുന്നതില്‍ നിലവിലെ സഖ്യകക്ഷികളായ മുസ്ലിം ലീഗും മനിതനേയ മക്കള്‍ കക്ഷിയും എതിര്‍പ്പു പ്രകടിപ്പിച്ചു. ബീഹാര്‍ തിരഞ്ഞെടുപ്പിനു പിന്നാലെ, ഉവൈസി ബിജെപിയുടെ ‘ബി ടീമാ’ണെന്നു കോണ്‍ഗ്രസും നിലപാടെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളിലും രൂക്ഷമായ പ്രതികരണമുണ്ടായതോടെയാണ് ഡിഎംകെ നിലപാട് മാറ്റിയത്.

Top