കേരളത്തിലും ഒവൈസി എത്തും . . ? ആശങ്കയിൽ മുസ്ലീംലീഗ് നേതൃത്വം

സദുദ്ദീന്‍ ഒവൈസി … ഈ പേരിപ്പോള്‍ ചങ്കിടിപ്പിക്കുന്നത് കോണ്‍ഗ്രസ്സിന്റെ മാത്രമല്ല, മുസ്ലീംലീഗിന്റെ കൂടിയാണ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ് ഇത്തെഹാദുല്‍ മുസ്ലിമീന്‍ കേരളത്തിലും മത്സരിക്കുമോ എന്നാണ് യു.ഡി.എഫ് നേതൃത്വം ഭയപ്പെടുന്നത്. ബീഹാറില്‍ കോണ്‍ഗ്രസ്സിന് ഏറ്റവും അധികം പ്രഹരമായത് ഈ പാര്‍ട്ടിയുടെ സാന്നിധ്യമാണ്. ന്യൂനപക്ഷ വോട്ടുകളില്‍ നല്ലൊരു ഭാഗം സ്വന്തമാക്കാന്‍ ഓള്‍ ഇന്ത്യ മജ്ലിസ് ഇത്തെഹാദുല്‍ മുസ്ലിമീന് കഴിഞ്ഞിരുന്നു. കിഷന്‍ഗഞ്ച്, പൂര്‍ണിയ, കതിഹാര്‍, അരാരിയ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന സീമാഞ്ചല്‍ മേഖലയിലാണ് ഒവൈസിയുടെ പാര്‍ട്ടി വോട്ട് പിടിച്ചത്. 20 സീറ്റുകളില്‍ മത്സരിച്ച ഓള്‍ ഇന്ത്യ മജ്ലിസ് ഇത്തെഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടിക്ക് 5 സീറ്റുകളും 1.24 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.

പ്രതിപക്ഷ വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിച്ചു എന്ന കോണ്‍ഗ്രസ്സ് ആരോപണത്തിനും ചുട്ട മറുപടിയാണ് ഒവൈസി നല്‍കിയിരിക്കുന്നത്.’മഹാരാഷ്ട്രയില്‍ നിങ്ങള്‍ പോയി ശിവസേനയുടെ മടിയില്‍ ഇരുന്നില്ലേ’ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് കോണ്‍ഗ്രസ്സ് ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഒവൈസിയുടെ ലക്ഷ്യം എന്തായാലും അത് കോണ്‍ഗ്രസ്സും ലീഗും ഭയക്കേണ്ടത് തന്നെയാണ്. കാരണം ഈ പാര്‍ട്ടികള്‍ക്കൊപ്പമുള്ള മുസ്ലീം വിഭാഗത്തെയാണ് ഒവൈസി സ്വാധീനിക്കുന്നത്. 2021-ല്‍ ബംഗാള്‍ തിരഞ്ഞെടുപ്പിലും 2022-ല്‍ യു.പിയിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഒവൈസി കേരളവും ലക്ഷ്യമിടുന്നുണ്ട്. ഇപ്പോള്‍ തന്നെ ലീഗ് കോട്ടകളില്‍ ഉള്‍പ്പെടെ ഒവൈസിക്ക് അനുകൂലമായ ചലനങ്ങളും തുടങ്ങിയിട്ടുണ്ട്. കേരളത്തിലും മത്സരിക്കണമെന്നതാണ് അനുയായികളുടെ ആവശ്യം. ഒവൈസി കേരളത്തിലിറങ്ങിയാല്‍ നഷ്ടം യു.ഡി.എഫിനാണ് ഉണ്ടാകുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

പല മുസ്ലീം സംഘടനകളും ഒവൈസിയോട് സഹകരിക്കാനും സാധ്യതയുണ്ട്. ഇത് മലപ്പുറത്തുള്‍പ്പെടെ പരമ്പരാഗത ലീഗ് കോട്ടകളിലാണ് വിള്ളലുണ്ടാക്കുക. അപകടം മുന്‍കൂട്ടി കണ്ട് ജാഗ്രത പാലിക്കാന്‍ ലീഗ് നേതൃത്വം കീഴ്ഘടകങ്ങങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ മജ്ലിസ് ഇത്തെഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടിയുടെ യൂണിറ്റുകള്‍ തുടങ്ങുന്നത് നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം. മുസ്ലീം വോട്ടുകള്‍ ഭിന്നിക്കുന്നത് ഒഴിവാക്കാനാണ് വെല്‍ഫയര്‍ പാര്‍ട്ടിയുമായും എസ്.ഡി.പി.ഐയുമായി പോലും ലീഗ് നിലവില്‍ സഹകരിക്കുന്നത്. വെല്‍ഫയര്‍ പാര്‍ട്ടി സഖ്യത്തിന് യു.ഡി.എഫില്‍ തന്നെ ഭിന്നതയുണ്ടായിട്ടും ലീഗ് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണുണ്ടായത്. എന്നാല്‍ ഒവൈസിയുടെ പാര്‍ട്ടിയുടെ കാര്യത്തില്‍ അവര്‍ ‘കരുത്ത് കാട്ടിയാല്‍’ പോലും മുന്നണിയിലെടുക്കാന്‍ ലീഗ് സമ്മതിക്കാന്‍ ഒരു സാധ്യതയുമില്ല. ഒവൈസി കേരളത്തില്‍ ലാന്‍ഡ് ചെയ്താല്‍ അത് ഏറ്റവും അധികം ബാധിക്കുക തങ്ങളെയാണെന്നാണ് ലീഗ് കരുതുന്നത്.

മുസ്ലീം ലീഗിന് ലോകസഭയില്‍ മൂന്ന് അംഗങ്ങളും രാജ്യസഭയില്‍ ഒരംഗവുമാണുള്ളത്. എന്നാല്‍ ഓള്‍ ഇന്ത്യ മജ്ലിസ് ഇത്തെഹാദുല്‍ മുസ്ലിമീന് ഒറ്റ സീറ്റു മാത്രമാണുള്ളത്. അത് ഹൈദരാബാദ് എം.പി കൂടിയായ ഒവൈസി തന്നെയാണ്. ദേശീയ തലത്തില്‍ ലീഗ് നേതാക്കളേക്കാള്‍ അറിയപ്പെടുന്നതും ഈ പേര് തന്നെയാണ്. അനവധി വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മുസ്ലീംലീഗ് വളര്‍ച്ച മുരടിച്ചിരിക്കുമ്പോള്‍ പുതുതായി ഉദയം ചെയ്ത ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ് ഇത്തെഹാദുല്‍ മുസ്ലിം കൂടുതല്‍ സംസ്ഥാനങ്ങളിലാണ് സാന്നിധ്യമാകുന്നത്. ഇക്കാര്യം സ്വന്തം അണികള്‍ തന്നെ ചൂണ്ടിക്കാട്ടുമ്പോള്‍ മറുപടി നല്‍കാന്‍ പോലും ലീഗ് നേതൃത്വത്തിനും കഴിയുന്നില്ല. തങ്ങള്‍ വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെന്ന് പറയുന്ന മുസ്ലീംലീഗിന് ഇതുവരെ സ്വന്തം പേരോ കൊടിയോ പോലും മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ഇതേ പാതയില്‍ തന്നെയാണ് ഒവൈസിയുടെ പാര്‍ട്ടിയും പോകുന്നത്. ആരാണ് സമുദായത്തിലെ കേമന്‍ എന്ന മത്സരമാണ് ഇവര്‍ക്കിടയില്‍ നടക്കാന്‍ പോകുന്നത്. ആത്യന്തികമായി ഇത് കേരളത്തില്‍ ഇടതുപക്ഷത്തിന്റെ സാധ്യതയാണ് കൂടുതല്‍ വര്‍ദ്ധിപ്പിക്കുക.

ലീഗായാലും ഒവൈസി ആയാലും ആര്‍.എസ്.എസ് ആയാലും ഇടതുപക്ഷത്തെ സംബന്ധിച്ച് പടിക്ക് പുറത്ത് തന്നെയാണ്. മതനിരപേക്ഷതയാണ് ചുവപ്പ് പ്രത്യയശാസ്ത്രത്തിന്റെ അടിത്തറ. അവിടെ ജാതിക്കും മതത്തിനും ദേശത്തിനും ഭാഷക്കും നിറത്തിനും മീതെ മനുഷ്യന്റെ കഷ്ടപാടുകള്‍ക്കാണ് പ്രാധാന്യം. മതനിരപേക്ഷതയില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ തന്നെ മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിലും പ്രത്യേക ജാഗ്രത എന്നും ഇടതുപക്ഷം കാട്ടിയിട്ടുണ്ട്. ഇത് അറിയുന്നത് കൊണ്ടാണ് സാക്ഷാല്‍ ഒവൈസിക്കും ഇടതുപക്ഷത്തെ കടന്നാക്രമിക്കാന്‍ കഴിയാതിരിക്കുന്നത്. ബീഹാറില്‍ പോലും ഇടതു കോട്ടകളില്‍ ഒരു വിള്ളലും സൃഷ്ടിക്കാന്‍ ഒവൈസിയുടെ മുന്നണിക്ക് കഴിഞ്ഞിട്ടില്ല. മത്സരിച്ച സീറ്റുകളില്‍ ഭൂരിപക്ഷവും തൂത്ത് വാരിയ ഇടതുപക്ഷത്തിന് വന്‍ ഭൂരിപക്ഷമാണ് മിക്ക മണ്ഡലങ്ങളിലും കിട്ടിയിരിക്കുന്നത്.

ഇനി ‘കളം’ കേരളവും ബംഗാളും തമിഴ്‌നാടുമാണ്. ബംഗാളില്‍ ഒവൈസിയുടെ സാന്നിധ്യം തൃണമൂല്‍ വോട്ട് ബാങ്കിനെയാണ് സാരമായി ബാധിക്കാന്‍ പോകുന്നത്. തമിഴകത്ത് ഒവൈസിയെ കൂട്ടുപിടിക്കാന്‍ അണ്ണാ ഡി.എം.കെ ശ്രമിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. ജയിലില്‍ നിന്നും മോചിതയാകുന്ന ശശികലയുടെ വരവോടെ തമിഴകത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും ‘തീ’ പിടിക്കും. കേരളത്തിലും ഇത്തവണ തീ പാറുന്ന മത്സരമാണ് നടക്കാന്‍ പോകുന്നത്. പിണറായി സര്‍ക്കാറിന്റെ ഭരണത്തിനെതിരെ പ്രതിപക്ഷത്ത് വന്‍ ഐക്യനിരയാണ് രൂപപ്പെടുന്നത്. ‘ശത്രുവിന്റെ ശത്രു മിത്രം’ എന്നതാണ് സ്ഥിതി. ആരോപണങ്ങളും വികസനവും തമ്മില്‍ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്നാണ് ഇടതു നേതാക്കള്‍ തന്നെ വിലയിരുത്തുന്നത്.

ഇത്തവണ ഭരണം കിട്ടിയില്ലെങ്കില്‍ ഇനി ഒരിക്കലും ഇല്ല എന്ന അവസ്ഥയാണ് യു.ഡി.എഫിനെയും കാത്തിരിക്കുന്നത്. വീണ്ടും അഞ്ചു വര്‍ഷം കൂടി ഭരണമില്ലാത്ത അവസ്ഥ യു.ഡി.എഫ് നേതാക്കളെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ കാര്യത്തില്‍ ലീഗും കോണ്‍ഗ്രസ്സും ആശങ്കയോടെയാണ് നീങ്ങുന്നത്. ജോസ്.കെ മാണി വിഭാഗം മുന്നണി വിട്ടതോടെ മധ്യ തിരുവിതാംകൂറില്‍ യു.ഡി.എഫിന് കിട്ടേണ്ട ക്രൈസ്തവ വോട്ടുകള്‍ ഇടതുപക്ഷത്ത് എത്തുമെന്ന ഭയവും അവര്‍ക്കുണ്ട്. മലബാറിലെ സ്ഥിതിയും യു.ഡി.എഫിനെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്. ജമാഅത്തെ ഇസ്ലാമിയുമായുള്ള സഹകരണത്തില്‍ സമസ്തയും കാന്തപുരവും എതിരായ അവസ്ഥയാണുള്ളത്. ഇതിനു പുറമെ ഒവൈസിയും കൂടി രംഗത്തിറങ്ങിയാല്‍ ലീഗിന്റെ അടിത്തറയാണ് ഇളകുക. ഇപ്പോള്‍ തന്നെ ലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറത്ത് ഇടതുപക്ഷം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തെഹാദുല്‍ മുസ്ലീം പാര്‍ട്ടി കൂടി മത്സര രംഗത്തിറങ്ങിയാല്‍ ലീഗ് വോട്ട് ബാങ്കാണ് ഭിന്നിക്കുക. മലപ്പുറത്തെ ചുവപ്പിക്കുക എന്നത് ഇടതുപക്ഷത്തെ സംബന്ധിച്ച് അതോടെ കൂടുതല്‍ എളുപ്പമാകും. ഏതു കൊടുങ്കാറ്റിലും ഇളകാത്തതെന്ന് ലീഗ് അഹങ്കരിച്ചിരുന്ന കോട്ടകളില്‍ മുന്‍പും പലവട്ടം വിള്ളല്‍ വീഴ്ത്തിയ ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. 2004-ലെ മഞ്ചേരി ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പും 2006-ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പും ഇന്നും ലീഗ് ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത നോവാണ്. 2015-ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പ്. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പ്, 2017-ലെ മലപ്പുറം ലോക്‌സഭ തിരഞ്ഞെടുപ്പ്, വേങ്ങര ഉപതെരഞ്ഞെടുപ്പ് തുടങ്ങിയവയും മുസ്ലിംലീഗിന്റെ അപ്രമാദിത്വത്തിന് തിരിച്ചടി നല്‍കിയ തിരഞ്ഞെടുപ്പുകളാണ്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള 2015-ലെ തെരഞ്ഞെടുപ്പ് ഫലം ലീഗിന് കടുത്ത പ്രഹരമായിരുന്നു. മുന്‍പ് 100 പഞ്ചായത്തില്‍ എട്ടെണ്ണം മാത്രമാണ് ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്. അത് 39 എണ്ണമായാണ് ഉയര്‍ന്നിരുന്നത്.

അരനൂറ്റാണ്ടിലേറെയായി കുത്തകയാക്കിയ കൂട്ടിലങ്ങാടിയും രൂപീകരണ കാലം മുതല്‍ ഭരിക്കുന്ന കാലടിയും ലീഗിനെ കൈവിടുകയുണ്ടായി. യുഡിഎഫ് സ്വാധീനം 55 പഞ്ചായത്തുകളില്‍ മാത്രമായാണ് ആ തിരഞ്ഞെടുപ്പില്‍ ഒതുങ്ങിയിരുന്നത്. നേരത്തെ പെരിന്തല്‍മണ്ണ നഗസരസഭ മാത്രമായിരുന്നു ഇടതുപക്ഷത്തിനുണ്ടായിരുന്നത്. പൊന്നാനി മാറിയും മറിഞ്ഞും വരികയാണുണ്ടായത്. എന്നാല്‍ 2015-ല്‍ പെരിന്തല്‍മണ്ണയെ കൂടാതെ തിരൂരും പൊന്നാനിയും ചുവപ്പണിഞ്ഞു. പുതുതായി രൂപീകരിച്ച കൊണ്ടോട്ടിയില്‍ ലീഗ് വിരുദ്ധ മുന്നണിയാണ് അധികാരത്തിലെത്തിയത്. മറ്റ് നഗരസഭകളിലും ഇടതുപക്ഷം നിര്‍ണായക ശക്തിയായാണ് ഉയര്‍ന്നിരുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കുറേക്കൂടി ശക്തിയാര്‍ജിച്ചു. 35 വര്‍ഷമായി യുഡിഎഫ് കോട്ടയായിരുന്ന നിലമ്പൂരും, ലീഗ് മാത്രം വിജയിച്ച താനൂരും യുഡിഎഫിനെ കൈവിട്ടു. പെരിന്തല്‍മണ്ണ, മങ്കട, തിരൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ ലീഗ് ശരിക്കും വിയര്‍ത്താണ് സീറ്റുകള്‍ നിലനിര്‍ത്തിയത്. പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലി രക്ഷപ്പെട്ടതാകട്ടെ തലനാരിഴയ്ക്കാണ്.

1995-ലെ ഉപതെരഞ്ഞെടുപ്പില്‍, എ കെ ആന്റണിയെ ലീഗ് ക്ഷണിച്ചു കൊണ്ടുവന്ന് 22,259 വോട്ടിന് ജയിപ്പിച്ച മണ്ഡലമാണ് തിരൂരങ്ങാടി. ഇവിടെ പി കെ അബ്ദുറബ്ബ് കടന്നുകൂടിയത് വെറും 6,043 വോട്ടിനാണ്. മങ്കടയിലെ ഭൂരിപക്ഷം 23,593-ല്‍ നിന്ന് 1508 ആയും തിരൂരില്‍ 23,566 വോട്ടിന്റെ ഭൂരിപക്ഷം 7061 ആയും കുത്തനെ കുറയുകയാണുണ്ടായത്. ഇതോടെ മലപ്പുറം ജില്ലയില്‍ യുഡിഎഫും ഇടതുപക്ഷവും തമ്മിലുള്ള വ്യത്യാസം നേരിയതായി. 2011-ല്‍ 16-ല്‍ 14 സീറ്റും ജയിച്ച യുഡിഎഫിന് 10,27,629 വോട്ടും, രണ്ട് സീറ്റ് മാത്രം ജയിച്ച ഇടതുപക്ഷത്തിന് 6,57,683 വോട്ടുമാണ് ഉണ്ടായിരുന്നത്. ഇരുമുന്നണികളുമായി 3,69,946 വോട്ടിന്റെ വ്യത്യാസമാണ് അന്നുണ്ടായിരുന്നത്. എന്നാല്‍ 2015-ല്‍ 12 സീറ്റ് ജയിച്ച യുഡിഎഫിന് 10,82,429 വോട്ടും, നാലിടത്ത് ജയിച്ച ഇടതുപക്ഷത്തിന് 9,47,956 വോട്ടും നേടാന്‍ കഴിഞ്ഞിട്ടുണ്ട്. 1,34,473 വോട്ട് മാത്രമാണ് വ്യത്യാസമുള്ളത്.

2011-നേക്കാള്‍ ഇടതുപക്ഷത്തിന് 2,90,273 വോട്ടുകളാണ് 2016-ല്‍ അധികം ലഭിച്ചിരിക്കുന്നത്. തുടര്‍ന്ന് നടന്ന മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലും ഇടതു മുന്നേറ്റം തുടരുകയാണുണ്ടായത്. 1,01,303 വോട്ടുകളാണ് ഇവിടെ വര്‍ധിച്ചത്. 2014-ല്‍ 2,42,984 വോട്ടാണ് ഇടതുപക്ഷ സ്ഥാനാര്‍ഥി പി കെ സൈനബക്ക് ലഭിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പില്‍ അത് 3,44,307 ആയി ഉയര്‍ത്താന്‍ കഴിഞ്ഞു. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവ നേടിയ എഴുപതിനായിരത്തോളം വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചപ്പോഴാണ് ഈ മുന്നേറ്റമെന്നതും ഓര്‍ക്കണം. വേങ്ങര ഉപതെരഞ്ഞെടുപ്പിലും വലിയ വോട്ട് ചോര്‍ച്ച ലീഗിന് ഉണ്ടായിട്ടുണ്ട്.

2019-ലെ ലോകസഭ തിരഞ്ഞെടുപ്പ് ഫലം മാത്രമാണ് മലപ്പുറത്ത് ലീഗിന് ചൂണ്ടിക്കാട്ടാന്‍ പറ്റാവുന്ന രണ്ട് വിജയങ്ങള്‍. അതാകട്ടെ രാഹുല്‍ ‘എഫക്ടില്‍’ സംസ്ഥാനത്ത് മൊത്തമുണ്ടായ തരംഗത്തിന്റെ പ്രതിഫലമായതിനാല്‍ പ്രത്യേകമായി എടുത്ത് കാണിക്കാനും കഴിയുകയില്ല. ലോകസഭ തിരഞ്ഞെടുപ്പ് ഫലമല്ല നിയമസഭ ഫലമെന്ന് വട്ടിയൂര്‍ക്കാവും കോന്നിയും അടക്കം ഉപതിരഞ്ഞെടുപ്പുകള്‍ തന്നെ തെളിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഒവൈസി കൂടി ഇറങ്ങിയാല്‍ അത് ലീഗിന്റെ നിലയാണ് കൂടുതല്‍ പരുങ്ങലിലാകുക.

Top