ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിധി മൗലികാവകാശ ലംഘനമാണെന്ന് ഉവൈസി

ബംഗളുരു: ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി.

ഹിജാബ് മൗലികാവകാശവും മതവിശ്വാസവുമാണെന്ന് മജ്‌ലിസ് നേതാവ് പറഞ്ഞു. ഹിജാബ് നിരോധനം ശരിവെയ്ക്കുന്ന ഹൈക്കോടതിയുടെ വിധിയില്‍ എതിര്‍ നിലപാട് സ്വീകരിക്കുന്നതിന് തനിക്കും അവകാശമുണ്ട്. ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉവൈസി പ്രതികരിച്ചു.

‘ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിധി മൗലികാവകാശ ലംഘനമാണ്. മതസ്വാതന്ത്ര്യവും ആശയപ്രകാശവും ആവിഷ്‌ക്കാര സ്വാതന്ത്രവും നിഷേധിക്കലാണിത്. മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് മാത്രമല്ല മറ്റ് സംഘടനകളും മതസംഘടനകളും വിധിക്കെതിരെ അപ്പീല്‍ നല്‍കണം’ ഉവൈസി പറഞ്ഞു.

ഇസ്ലാം മതവിശ്വാസ പ്രകാരം തലമൂടുന്നത് നിര്‍ബന്ധമാണെന്ന് മജ്‌ലിസ് നേതാവ് അഭിപ്രായപ്പെട്ടു. മതവിശ്വാസിയായ മുസ്ലീമിനെ സംബന്ധിച്ചിടത്തോളം ഹിജാബ് ഒരു ആരാധാനക്രമം തന്നെയാണ്. ഇത്തരം അവകാശങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അതേ മതത്തില്‍പ്പെട്ടവര്‍ക്കുപോലും അധികാരമില്ല. അയര്‍ലണ്ടില്‍ പൊലീസ് യൂണിഫോമിലും ഹിജാബ് ധരിക്കാമെന്ന നിയമം കൊണ്ടുവന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതിനെ സ്വാഗതം ചെയ്തിരുന്നു. കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ മോദി എന്തുകൊണ്ടാണ് ഇരട്ടത്താപ്പ് കാണിക്കുന്നതെന്നും ഉവൈസി ചോദിച്ചു.

Top