കളം അറിഞ്ഞ് കളിക്കാന്‍ ഒവൈസി, ആശങ്കയോടെ മമതയും സ്റ്റാലിനും

ബംഗാള്‍, തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ നിലനില്‍പ്പിനും നിര്‍ണ്ണായകമാകും. വലിയ വെല്ലുവിളിയാണ് ഈ രണ്ട് സംസ്ഥാനങ്ങളിലും പ്രശാന്ത് കിഷോര്‍ നേരിടുന്നത്. ബംഗാളില്‍ മമതയുടെ തൃണമൂലിനും തമിഴ്‌നാട്ടില്‍ ഡി.എം.കെ ക്കും വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നത് പ്രശാന്ത് കിഷോറാണ്. സി.പി.എമ്മില്‍ നിന്നും ജനപിന്തുണയുള്ള ഒരു നേതാവിനെയും അടര്‍ത്തിമാറ്റാന്‍ കഴിയാത്തതിന്റെ ക്ഷീണം ബംഗാളിലാണ് പ്രശാന്ത് കിഷോര്‍ തീര്‍ത്തിരിക്കുന്നത്. അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയെയാണ് പിളര്‍ത്തിയിരിക്കുന്നത്. ഇവിടെ എ.ഐ.എം.ഐ.എം സംസ്ഥാന കോഡിനേറ്റര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പ്രശാന്ത് കിഷോറിന്റെ കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ ഇടപെടലോടെ മമതയുടെ തൃണമൂല്‍ റാഞ്ചിയത്.

ബീഹാറിലെ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ മത്സരിച്ച എ.ഐ.എം.ഐ.എം 5 സീറ്റുകളിലാണ് അട്ടിമറി വിജയം നേടിയിരുന്നത്. ഇതേ തുടര്‍ന്നാണ് വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബംഗാളിലും തമിഴ്‌നാട്ടിലും മത്സരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചിരുന്നത്. ഈ പ്രഖ്യാപനം ഈ രണ്ട് സംസ്ഥാനങ്ങളിലെയും പ്രധാന പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന പ്രശാന്ത് കിഷോറിനെയും പ്രതിരോധത്തിലാക്കുന്നതായിരുന്നു. മുസ്ലീം ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചാല്‍ ബംഗാളില്‍ അത് തൃണമൂല്‍ കോണ്‍ഗ്രസ്സിനും തമിഴകത്ത് ഡി.എം.കെക്കുമാണ് തിരിച്ചടിയുണ്ടാക്കുക. ഇത് തിരിച്ചറിഞ്ഞാണ് പ്രശാന്ത് കിഷോര്‍ കുതന്ത്രം പയറ്റിയിരിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് എ.ഐ.എം.ഐ.എമ്മിലെ പിളര്‍പ്പ്. പ്രധാന നേതാവായ അന്‍വര്‍ പാഷയും അനുയായികളുമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

ഉവൈസി മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കുകയാണെന്നാണ് പാര്‍ട്ടി വിട്ടവര്‍ ആരോപിച്ചിരിക്കുന്നത്. കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനില്‍ ഇവര്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ്സ് ഗംഭീര സ്വീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും തികഞ്ഞ മതേതരവാദിയായ നേതാവ് മമത ബാനര്‍ജിയാണെന്നാണ് പാഷ അഭിപ്രായപ്പെട്ടിരിക്കുന്നത്. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ വലിച്ചുകീറിയതില്‍ കാര്യമില്ലെന്നും മമത ബാനര്‍ജി ചെയ്തതുപോലെ തെരുവിലിറങ്ങേണ്ടതുണ്ടെന്നുമാണ് അദ്ദേഹം ഒവൈസിക്ക് ഉപദേശം നല്‍കിയിരിക്കുന്നത്. പാഷയുടെ ഈ കൂട് മാറ്റം ഉവൈസിയെ ശരിക്കും പ്രകോപിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരമാവധി സീറ്റുകളില്‍ ബംഗാളില്‍ മത്സരിച്ച് പ്രതികാരം ചെയ്യാന്‍ ഉവൈസി തുനിഞ്ഞാല്‍ അതോടെ വെട്ടിലാകുക തൃണമൂല്‍ കോണ്‍ഗ്രസ്സാണ്.

കാരണം എ.ഐ.എം.ഐ.എം എന്ന പാര്‍ട്ടി തന്നെ വ്യക്തി കേന്ദ്രീകൃതമാണ്. ഉവൈസിയില്‍ മാത്രം കേന്ദ്രീകരിച്ച് നില്‍ക്കുന്ന പാര്‍ട്ടിയിലെ ചില നേതാക്കള്‍ പുറത്ത് പോയാല്‍ അവരുടെ വോട്ട് ബാങ്കിനെ അത് ബാധിക്കാന്‍ സാധ്യതയും കുറവാണ്. വലിയ റിസ്‌ക്കാണ് ഇവിടെ പ്രശാന്ത് കിഷോര്‍ എടുത്തിരിക്കുന്നത്. അതേ സമയം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരുന്ന പാഷയെ പുറത്താക്കിയതാണെന്നും ഏറെനാളായി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുന്ന അദ്ദേഹത്തിന്റെ കൂടുമാറ്റം, തങ്ങളെ ബാധിക്കില്ലെന്നുമാണ് എ.ഐ.എം.ഐ.എം വക്താവ് സയ്യിദ് അസീം വഖാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിജെപിയുടെ ‘ബി’ ടീമാണ് എ.ഐ.എം.ഐ.എം എന്ന തൃണമൂല്‍ പ്രചരണത്തിന് ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ചുട്ട മറുപടി നല്‍കുമെന്നാണ് ഉവൈസിയും വ്യക്തമാക്കിയിരിക്കുന്നത്.

തമിഴ്നാട്ടിലും ഉവൈസിയുടെ പാര്‍ട്ടി ഡി.എം.കെക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡി.എം.കെ. സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ 30 സീറ്റിലെങ്കിലും മത്സരിക്കുമെന്നാണ് എ.ഐ.എം.ഐ.എം. തമിഴ്‌നാട് ഘടകം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രസിഡന്റ് വക്കീല്‍ അഹമ്മദ് ആണ് പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്. ”സഖ്യത്തില്‍ ചേര്‍ക്കണമെന്ന് ഡി.എം.കെയോട് ആവശ്യപ്പെട്ട അഹമ്മദ് ഇതുമായി ബന്ധപ്പെട്ട് ഡി.എം.കെ. ജനറല്‍ സെക്രട്ടറി ദുരൈ മുരുകനുമായി പലവട്ടം ചര്‍ച്ച നടത്തിയ കാര്യവും സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ ഇക്കാര്യത്തില്‍ ഡി.എം.കെ. നിലപാട് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ മുസ്ലീം ലീഗും മനിതനേയ മക്കള്‍ കച്ചിയും സഖ്യത്തിലുള്ളതിനാല്‍ എ.ഐ.എം.ഐ.എമ്മിനെ സഖ്യത്തില്‍ എടുക്കേണ്ടതില്ലന്ന നിലപാടിലാണ് പ്രശാന്ത് കിഷോറെന്നാണ് സൂചന.

എന്നാല്‍ ഉവൈസിയുടെ നീക്കത്തില്‍ ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ കടുത്ത ആശങ്കയിലാണ്. 2015-ലെ തിരഞ്ഞെടുപ്പില്‍ വെല്ലൂരിനടുത്തുള്ള വാണിയമ്പാടി നിയമസഭ മണ്ഡലത്തില്‍ നിന്നും ഉവൈസിയുടെ പാര്‍ട്ടി പതിനായിരത്തോളം വോട്ടുകള്‍ നേടിയിട്ടുണ്ട്.”തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ഞങ്ങള്‍ക്ക് സാന്നിദ്ധ്യമുണ്ടെന്നും മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗം പ്രത്യേകിച്ച് ചെറുപ്പക്കാര്‍ ഞങ്ങള്‍ക്കൊപ്പമാണെന്നുമാണ് എ.ഐ.എം.ഐ.എം നേതൃത്വം അവകാശപ്പെടുന്നത്. ഡി.എം.കെ. സഖ്യത്തില്‍ അഞ്ച് സീറ്റാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതല്ലെങ്കില്‍ പുതിയ സഖ്യം രൂപീകരിച്ച് മത്സരിക്കാനാണ് തീരുമാനം.

ഉവൈസി തന്നെയാണ് ഇക്കാര്യത്തിലും അന്തിമ തീരുമാനമെടുക്കാന്‍ പോകുന്നത്. തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെയും ബംഗാളില്‍ തൃണമൂലിന്റെയും നിലപാടുകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പ്രശാന്ത് കിഷോറിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണിത്. ഇവിടങ്ങളില്‍ പരാജയം ഉണ്ടായാല്‍ പ്രശാന്ത് കിഷോര്‍ യുഗം കൂടിയാണ് അതോടെ അവസാനിക്കുക.

Top