നാളെ രാവിലെ വരെ ഐ.സി.യുവില്‍ തുടരും; ടോവിനോയുടെ ആരോഗ്യനില തൃപ്തികരം

കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ ടോവിനോയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നാളെ രാവിലെ 11 മണി വരെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടർന്നതിനു ശേഷം ആൻജിയോഗ്രാം ടെസ്റ്റ് നടത്താനാണ് നീക്കം എന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലാണ് ടോവിനോ ചികിത്സ തേടിയിരിക്കുന്നത്.

പിറവത്ത് വെച്ച് നടന്ന കള എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ടോവിനോക്ക് പരിക്കേറ്റത്. സംഘട്ടന രംഗങ്ങൾ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷൂട്ട് ചെയ്തു കൊണ്ടിരുന്നത്. ഇതിനിടെ ടോവിനോയുടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമായതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പിന്നീട് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ആന്തരിക രക്തസ്രാവം ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് ടോവിനോയെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളൊരുക്കിയ രോഹിത് വി എസ് ആണ് കള സംവിധാനം ചെയ്യുന്നത്.

Top