പാര്‍ലമെന്റില്‍ 402 ജീവനക്കാര്‍ക്ക് കൊവിഡ്; ജാഗ്രതാ നിര്‍ദേശം നല്‍കി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതിസന്ധി സൃഷ്ടിച്ച് 400ലേറെ പാര്‍ലമെന്റ് ജീവനക്കാര്‍ക്ക് കോവിഡ്. ആകെ 1,409 ജീവനക്കാരില്‍ 402 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഔദ്യോഗികവൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. ഈ മാസം നാലുമുതല്‍ കഴിഞ്ഞ ദിവസം വരെയാണ് ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് സര്‍ക്കാര്‍വൃത്തം അറിയിച്ചു. ഇവരെ ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്.

ഒമിക്രോണ്‍ സ്ഥിരീകരിക്കാനായി ഇവരുടെ സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിനായി അയച്ചിട്ടുണ്ട്. ബാക്കിയുള്ള ജീവനക്കാരോട് കോവിഡ് മുന്‍കരുതലെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ലോക്‌സഭയിലെ 200ഉം രാജ്യസഭയിലെ 69ഉം ജീവനക്കാര്‍ക്കും 133 അനുബന്ധ തൊഴിലാളികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റിനകത്ത് ഉണ്ടായിരുന്നവരുടെ കണക്കാണിത്.

പാര്‍ലമെന്റിനു വെളിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചതായി സൂചനയുണ്ട്. മുഴുവന്‍ സര്‍ക്കാര്‍ കാര്യാലയങ്ങളിലും 50 ശതമാനം സ്റ്റാഫിനെ മാത്രം നിര്‍ത്തി ജോലിക്രമം നിശ്ചയിക്കണമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ബാക്കിയുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും ആവശ്യപ്പെട്ടു. ഒമിക്രോണ്‍ ഭീതി ശക്തമായതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിങ്ങില്‍ ഇളവ് നല്‍കിയിരുന്നു.

Top