കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗണ്‍

തിരുവനന്തപുരം: കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. സംസ്ഥാനത്ത് ഇന്ന് വാരാന്ത്യലോക്ക്ഡൗണും കര്‍ശനമായി നടപ്പിലാക്കും. സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക് ഡൗണാണ്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.

അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റും വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള കര്‍ശന നടപടിയും സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം. ഭക്ഷ്യോല്‍പന്നങ്ങള്‍ പച്ചക്കറി മത്സ്യ മാംസ്യ വില്‍പന തുടങ്ങിയ അവശ്യ മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും മാത്രമാണ് ഇളവ്. ഹോട്ടലുകളില്‍ പരാമാവധി ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.

പരിമിതമായി മാത്രം കെഎസ് ആര്‍ടിസി ഇന്ന് സര്‍വീസ് നടത്തും. സാമൂഹിക അകലം കര്‍ശനമായി പാലിച്ചുകൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിവരം സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ മുന്‍കൂറായി അറിയിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പറേഷനുകള്‍ തുടങ്ങിയവയില്‍ 50 ശതമാനം ഉദ്യോഗസ്ഥരേയും, കാറ്റഗറി സിയില്‍ 25 ശതമാനം ഉദ്യോഗസ്ഥരേയും, മാത്രമേ അനുവദിക്കൂ. എ,ബി വിഭാഗത്തില്‍ ബാക്കിവരുന്ന 50 ശതമാനം പേരും, സിയില്‍ ബാക്കി വരുന്ന 75 ശതമാനം വരുന്ന എല്ലാ മേഖലയിലെ ഉദ്യോഗസ്ഥരും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണം.

കാറ്റഗറി ഡിയില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കു. ഡി വിഭാഗത്തിലെ ബഹുഭൂരിപക്ഷം ജീവനക്കാരേയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങള്‍ ക്ലസ്റ്ററുകളായി കണക്കാക്കണം. അതൊടൊപ്പം മൈക്രോ കണ്ടെയ്ന്‍മെന്റ് സംവിധാനവും നടപ്പിലാക്കും.

 

Top