പാൻ പ്രവർത്തനക്ഷമമല്ലാതായ ‘എൻആർഐ’കൾ താമസ വിവരം അറിയിക്കണം; ആദായനികുതി വകുപ്പ്

ന്യൂഡൽഹി : പാൻ പ്രവർത്തനക്ഷമമല്ലാതായ വിദേശ ഇന്ത്യക്കാർ (എൻആർഐ) അവരുടെ താമസവിവരം (റസിഡൻഷ്യൽ സ്റ്റേറ്റസ്) അറിയിക്കണമെന്ന് ആദായനികുതി വകുപ്പ്. ആധാർ–പാൻ ബന്ധിപ്പിക്കലിനുള്ള അവസാന തീയതി കഴിഞ്ഞ ശേഷം പ്രവാസി ഇന്ത്യക്കാരായ പലരുടെയും പാൻ പ്രവർത്തിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. എന്നാൽ പ്രവാസി ഇന്ത്യക്കാർ പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് ആദായനികുതി വകുപ്പ് ആവർത്തിച്ചു.

ഒരു വ്യക്തി എത്ര കാലമായി ഒരു നിശ്ചിത സ്ഥലത്ത് താമസിക്കുന്നു എന്നതാണ് റസിഡൻഷ്യൽ സ്റ്റേറ്റസ്. കഴിഞ്ഞ 3 വർഷത്തിനിടയ്ക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാതിരിക്കുകയോ, പ്രവാസികൾ അവരുടെ റസിഡൻഷ്യൽ വിവരങ്ങൾ അറിയിക്കുകയോ ചെയ്യാതിരുന്നാൽ പാൻ പ്രവർത്തനക്ഷമമല്ലാതാകും. അങ്ങനെ സംഭവിച്ചിട്ടുള്ളവർ അതത് ജൂറിസ്ഡ‍ിക‍്ഷനൽ അസസിങ് ഓഫിസറെ (ജെഎഒ) റസി‍ഡൻഷ്യൽ വിവരങ്ങൾ അറിയിക്കണമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ജെഎഒ വിവരങ്ങളറിയാൻ: bit.ly/jaoincome

വിദേശപൗരത്വമുള്ള ഇന്ത്യക്കാരും (ഒസിഐ കാർഡുള്ളവർ) അവരുടെ പാനിൽ താമസ വിവരം മാറ്റിയിട്ടില്ലെങ്കിൽ പാൻ പ്രവർത്തിക്കാതിരിക്കാം. ഇവരും അതത് ജെഎഒയെ സമീപിക്കണം.ഒരാളുടെ പാൻ പ്രവർത്തനകക്ഷമമല്ലെങ്കിലും (inoperative) അയാൾക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനു തടസ്സമില്ല.ഇത് അസാധുവാകുന്നതിനു (inactive) തുല്യമല്ലെന്നും വകുപ്പ് വ്യക്തമാക്കി. പ്രവർത്തനക്ഷമമല്ലാത്ത പാനുള്ളവർക്ക് പെൻഡിങ് റീഫണ്ട് ലഭ്യമാകില്ല. ഇവരിൽ നിന്ന് ഉയർന്ന ടിഡിഎസും, ടിസിഎസും ഈടാക്കും.

Top