കോംഗോയില്‍ സൈനിക റിക്രൂട്ട്‌മെന്റ് ക്യാമ്പിനിടെ തിക്കും തിരക്കും; 31 പേര്‍ക്ക് ദാരുണാന്ത്യം

കോംഗോയില്‍ സൈനിക റിക്രൂട്ട്‌മെന്റ് ക്യാമ്പിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 31 പേര്‍ മരിച്ചു. 140 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഒര്‍നാനോ സ്റ്റേഡിയത്തില്‍ റിക്രൂട്ട്‌മെന്റ് ക്യാമ്പ് നടക്കുകയാണ്. തിങ്കളാഴ്ച രാത്രിയാണ് ദുരന്തം സംഭവിച്ചത്. മരിച്ചവരോടുള്ള ആദരസൂചകമായി ക്യാമ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.

റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ജോലി വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില സ്ഥാപനങ്ങളില്‍ ഒന്നായ സൈന്യത്തില്‍ ചേരാന്‍ അണിനിരന്ന 18-നും 25-നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് തിക്കിലും തിരക്കിലും പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകബാങ്ക് കണക്കുകള്‍ പ്രകാരം റിപ്പബ്ലിക് ഓഫ് കോംഗോയിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഏകദേശം 42 ശതമാനമാണ്.

ഒര്‍നാനോ സ്റ്റേഡിയത്തില്‍ വരിവരിയായി നിന്ന ചിലര്‍ അക്ഷമരായി അകത്തേക്ക് കടക്കാന്‍ ശ്രമിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തുകൊണ്ടാണ് രാത്രി വൈകിയും ക്യാമ്പ് നടത്തിയത് എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഒകോ എന്‍ഗകാല പറഞ്ഞു.

Top