അവധിക്കാല സമയങ്ങളിലെ അമിത നിരക്ക്; സർക്കാർ വിമാനക്കമ്പനികളുമായി ചർച്ച നടത്തും

തിരുവനന്തപുരം : ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിഷയത്തിൽ, വിമാനക്കമ്പനികളുമായി പ്രാഥമിക ചർച്ച നടത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതിനായി സിയാൽ എംഡിയെയും നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയേയും യോഗം ചുമതലപ്പെടുത്തി. ഇന്ത്യയിൽ നിന്നുളള വിമാനക്കമ്പനികളുടെ നിരക്കിനേക്കാൾ കുറവിൽ ഗൾഫിൽ നിന്നും ചാർട്ടേഡ് വിമാനങ്ങൾ ലഭ്യമാണോ എന്നു പരിശോധിക്കും.

വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ ചാർട്ടേഡ് വിമാനങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനമുളള കമ്പനികളുമായാണ് ചർച്ച. പ്രാഥമിക ചർച്ചകൾക്കു ശേഷം അനുമതിക്കായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിക്കാനും യോഗത്തിൽ തീരുമാനമായി. വിമാന സർവീസുകൾക്കു പുറമേ കപ്പൽ മാർഗമുളള യാത്രാ സാധ്യതകൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.

ഗൾഫ് രാജ്യങ്ങളിൽനിന്നും കേരളത്തിലേക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നു എന്നത് ഏറെക്കാലമായി പ്രവാസികൾ ഉന്നയിക്കുന്ന പ്രശ്നമാണ്. ഗൾഫ് മേഖലയിൽ നിന്നും നാട്ടിലേക്കു വരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് സഹായകമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി ബജറ്റിലും തുക വകയിരുത്തി. ഇതിന്റെ തുടർനടപടി എന്ന നിലയിലാണ് അവലോകന യോഗം ചേർന്നത്.

ഓൺലെനായി ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ അടക്കമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.

Top