ഇന്ത്യയില്‍ നിന്നും സഹായം പ്രതീക്ഷിക്കണ്ട, ഇന്ത്യക്ക് അത് പ്രശ്‌നമല്ല

കൊച്ചി: കൊറോണ ഭീതിയെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യ തൊഴിലാളികളുടെ വീഡിയോ പുറത്ത്. ഇന്ത്യയില്‍ നിന്നുള്ള തൊള്ളായിരത്തിലധികം മത്സ്യത്തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത്. കന്യാകുമാരിയില്‍ നിന്നുള്ള ചിലര്‍ ബന്ധുക്കള്‍ക്ക് അയച്ച രണ്ടു വീഡിയോകളിലാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ പറ്റിയുള്ള വിവരമുള്ളത്. ‘ഈ ദ്വീപില്‍ ഞങ്ങള്‍ 340 പേരുണ്ടെന്നും കരയില്‍ 600 പേര്‍ കൂടിയുണ്ടെന്നും ഒരു വിഡീയോയില്‍ പറയുന്നു. ‘

ആകെ തൊള്ളായിരത്തോളം പേരാണ് ഇവിടെ കഴിയുന്നത്. നാളെ ഭക്ഷണം കഴിക്കാന്‍ എന്തു ചെയ്യണമെന്നറിയില്ല. സ്‌പോണ്‍സര്‍മാര്‍ പറയുന്നത് 34 മാസം കഴിയാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ്. അതു ചോദ്യം ചെയ്തപ്പോള്‍ ഞങ്ങളെ പൊലീസിലേല്‍പ്പിക്കുമെന്നാണു സ്‌പോണ്‍സര്‍മാരുടെ ഭീഷണി.’ ഇന്ത്യയില്‍ നിന്നു സഹായമൊന്നും പ്രതീക്ഷിക്കേണ്ടെന്നു സ്‌പോണ്‍സര്‍മാര്‍ പറഞ്ഞതായും വീഡിയിലോയിലുണ്ട്.

നമുക്ക് എന്തു സംഭവിച്ചാലും ഇന്ത്യയ്ക്കു പ്രശ്‌നമല്ലെന്നും ഇവിടെ നിന്നു കൊണ്ടുപോകില്ലെന്നും ഇവിടെക്കിടന്നു മരിക്കുമെന്നൊക്കെയാണ് സ്‌പോണ്‍സര്‍മാര്‍ പറയുന്നതെന്നും ആരോപിക്കുന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഇടപെട്ട് എംബസി വഴി പ്രത്യേക വിമാനം ഏര്‍പ്പാടാക്കി എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാണ് രണ്ടാമത്തെ വീഡിയോയില്‍ മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

Top