മൂന്ന് വര്‍ഷത്തിനിടെ 733 ഭീകരരെ വധിച്ചു; കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Indian army

ന്യൂഡല്‍ഹി: കശ്മീരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സൈന്യം വധിച്ച ഭീകരരുടെ കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിവിധ ഏറ്റുമുട്ടലുകളില്‍ കശ്മീരില്‍ സൈന്യം 733 ഭീകരരെ വധിച്ചു.കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഢി ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം. 2018 ല്‍ 257 ഭീകരരെ വധിച്ചു. 2017 ല്‍ 213ഉം 2016 ല്‍ 150ഉം ഭീകരരെ വധിക്കാന്‍ സൈന്യത്തിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

സൈന്യം വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഭീകരാക്രമണങ്ങളുടെ എണ്ണവും കൊല്ലപ്പെടുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സുരക്ഷാസൈന്യം ഭീകരര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് മുന്നോട്ടു പോകുകയാണ്. ഭീകരര്‍ക്ക് സഹായം നല്‍കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭീകരവാദം നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി കശ്മീരിലെ യുവാക്കളെ മുഖ്യധാരയില്‍ എത്തിക്കാനുള്ള ശ്രമങ്ങളടക്കം സൈന്യം നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുക, കായിക – സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയ്ക്കും സൈന്യം നേതൃത്വം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭീകരരെ നേരിടാനുള്ള ശ്രമത്തിനിടെ 2016 നും 2018 നുമിടെ 253 സുരക്ഷാ സൈനികരാണ് വീരമൃത്യു വരിച്ചത്. ഈ കാലയളവില്‍ കശ്മീരിലെ 122 ഗ്രാമീണര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടുവെന്ന് മന്ത്രി വ്യക്തമാക്കി. 2016 ല്‍ 82 സുരക്ഷാ സൈനികര്‍ വീരമൃത്യു വരിച്ചു. 2017 ല്‍ 80 പേരും 2018 ല്‍ 91 പേരും വീരമൃത്യു വരിച്ചു. 2018 ല്‍ വലുതും ചെറുതുമായ 614 ഭീകരാക്രമണങ്ങളാണ് കശ്മീരിലുണ്ടായത്. 39 നാട്ടുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2017 ല്‍ 342 ഭീകരാക്രമണങ്ങളുണ്ടായി. 40 പേര്‍ മരിച്ചു. 2016 ലുണ്ടായ 322 ഭീകരാക്രമണങ്ങളില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.

Top