നിരത്ത് കീഴടക്കി ഹ്യൂണ്ടായി ക്രെറ്റ; മാര്‍ച്ചില്‍ പറത്തിറക്കിയത് 6706 യൂണിറ്റ്

മാര്‍ച്ച് 16ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഹ്യുണ്ടായിയുടെ ക്രെറ്റ മാര്‍ച്ച് മാസത്തില്‍ മാത്രം പുറത്തിറക്കിയത് 6706 യൂണിറ്റ്. മാര്‍ച്ച് 21ന് ആദ്യ വില്‍പ്പന നടന്നപ്പേള്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനായിരുന്നു ആദ്യ ഉപയോക്താവ്. രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലമാണ് 6706 യൂണിറ്റായി ചുരുങ്ങിയതെന്നാണ് ഹ്യുണ്ടായിയുടെ വിലയിരുത്തല്‍.

E,EX,S,SX,SX(O) എന്നീ വേരിയന്റുകളിലെത്തുന്ന രണ്ടാം തലമുറ ക്രെറ്റയ്ക്ക് ഏഴ് ഡീസല്‍ എന്‍ജിന്‍ മോഡലുകളും ഏഴ് പെട്രോള്‍ എന്‍ജിന്‍ മോഡലുകളുമാണുള്ളത്.

115 ബിഎച്ച്പി പവറുള്ള 1.5 ലിറ്റര്‍ എംപിഐ പെട്രോള്‍, 1.5 ലിറ്റര്‍ യു2 ഡീസല്‍ എന്‍ജിനും 140 ബിഎച്ച്പി പവറുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ കാപ്പ എന്‍ജിനുമാണ് ക്രെറ്റയിലുള്ളത്.മൂന്ന് ട്രാന്‍സ്മിഷനും ക്രെറ്റയില്‍ നല്‍കുന്നുണ്ട്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ട്രാന്‍സ്മിഷന്‍.പെട്രോള്‍ മോഡലുകള്‍ക്ക് 16.1 കിലോമീറ്ററും ഡീസല്‍ മോഡലിന് 21.4 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

ആകര്‍ഷകമായ ഡിസൈനിലാണ് രണ്ടാം തലമുറ ക്രെറ്റ എത്തിയിരിക്കുന്നത്. കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, ട്രിയോ ബീം എല്‍ഇഡി ഹെഡ്ലാമ്പ്, ക്രെസന്റ് ഗ്ലോ എല്‍ഇഡി ഡിആര്‍എല്‍, മസ്‌കുലര്‍ വീല്‍ ആര്‍ച്ച്, ലൈറ്റനിങ്ങ് ആര്‍ച്ച് സി പില്ലര്‍, ട്വിന്‍ ടിപ് എക്സ്ഹോസ്റ്റ്, എയറോ ഡൈനാമിക് റിയര്‍ സ്പോയിലര്‍, എന്നിവ വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.കോക്പിറ്റ് സെന്റര്‍ കണ്‍സോളായിരിക്കും പ്രധാന മാറ്റം. ബ്ലൂ ലിങ്ക് സംവിധാനമുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 17.78 സെന്റീമീറ്റര്‍ സൂപ്പര്‍ വിഷന്‍ ക്ലെസ്റ്റര്‍ വിത്ത് ഡിജിറ്റല്‍ ഡിസ്പ്ലേ, റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട്, പാഡില്‍ ഷിഫ്റ്റ്, ഡിഷേപ്പ് സ്റ്റിയറിങ്ങ് വീല്‍ എന്നിവ യാണ് ക്രെറ്റയുടെ ഇന്റീരിയര്‍ കൂടുതല്‍ ആഡംബരമാക്കുന്നത്.

പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലെത്തുന്ന ക്രെറ്റയ്ക്ക് 9.99 ലക്ഷം രൂപ മുതല്‍ 17.20 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.

Top