‘Over 30% of lawyers have fake degrees’

ന്യൂഡല്‍ഹി: രാജ്യത്തെ മുപ്പതുശതമാനം അഭിഭാഷകരും വ്യാജ നിയമബിരുദം നേടിയവരാണെന്നു ബാര്‍ കൗണ്‍സില്‍ അധ്യക്ഷന്‍ മനന്‍ കുമാര്‍ മിശ്ര. ഇത്തരക്കാരെ കണ്ടെത്തി ജോലിയില്‍നിന്നു പുറത്താക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നടപടിയുടെ ഭാഗമായി രാജ്യത്തെ എല്ലാ അഭിഭാഷകരും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടിവരും. ഇതിനായി പത്താം ക്ലാസ് പരീക്ഷയുടെ മുതല്‍ ഉന്നതതലം വരെയുള്ള എല്ലാ യോഗ്യതകളും തെളിയിക്കാനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കണം. ഈ സര്‍ട്ടിഫിക്കറ്റുകള്‍ അതതു സര്‍വകലാശാലകളിലും ബോര്‍ഡുകളിലും അയച്ചു പരിശോധിക്കും. ഈ വര്‍ഷം തന്നെ നടപടികള്‍ പൂര്‍ത്തിയാക്കും. അഞ്ചു വര്‍ഷമായി പ്രാക്ടീസ് ചെയ്യാത്ത അഭിഭാഷകര്‍ക്ക് തുടര്‍ന്ന് പ്രാക്ടീസ് ചെയ്യാന്‍ അനുമതി നല്‍കില്ലെന്നും ബാര്‍ കൗണ്‍സില്‍ അധ്യക്ഷന്‍ അറിയിച്ചു.

കൊച്ചിയില്‍ ആരംഭിച്ച ലോയേഴ്‌സ് അക്കാദമിയുടെ മാതൃകയിലുള്ള സ്ഥാപനങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും ആരംഭിക്കും. അടുത്തത് ജാര്‍ഖണ്ഡിലായിരിക്കും. ഇത്തരത്തില്‍ ദേശീയതലത്തില്‍ ജബല്‍പുരിലും അക്കാദമി തുറക്കും. കോടതി നടപടികളില്‍ നിയമബിരുദധാരികള്‍ക്ക് മൂന്നു മാസത്തെ പരിശീലനം നല്‍കുകയാണ് അക്കാദമികളുടെ ലക്ഷ്യം. ലോയേഴ്‌സ് അക്കാദമിയില്‍നിന്നുള്ള സാക്ഷ്യപത്രം ലഭിക്കാത്ത ആരെയും രാജ്യത്തെവിടെയും പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Top