ഞങ്ങള്‍ ഇവിടെ കുടുങ്ങി കിടക്കുകയാണ്,രക്ഷിക്കൂ; ഇമ്രാന്‍ സര്‍ക്കാരിനോട് വിദ്യാര്‍ത്ഥികള്‍

ബെയ്ജിങ്: ആഗോളതലത്തില്‍ ഭീതിപടര്‍ത്തി കൊറോണ വൈറസ് നിയന്ത്രണാധീതമായി പടര്‍ന്നുപിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ സ്വന്തം പൗരന്മാരെ ചൈനയിലെ വുഹാനില്‍നിന്ന് നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയാണ്. ഇപ്പോഴിതാ പാകിസ്ഥാനില്‍ നിന്നുള്ള 2000ലേറെ വിദ്യാര്‍ഥികള്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

പാക്കിസ്ഥാനില്‍ നിന്നുള്ള 500ലേറെ പേര്‍ ഒരുസ്ഥലത്ത് ആണുള്ളതെന്നും ഇവരില്‍ ഒരാള്‍ക്കെങ്കിലും വൈറസ് ബാധയുണ്ടായാല്‍ എല്ലാവരും അപകടത്തിലാകുമെന്നും അവിടെയുള്ള ഹഫ്സ തയാബ് എന്ന വിദ്യാര്‍ഥിനി വെളിപ്പെടുത്തി. ഉടന്‍തന്നെ ഭക്ഷണം മുഴുവന്‍ തീരുമെന്നും വിദ്യാര്‍ഥിനി വീഡിയോ സന്ദേശത്തില്‍ പറയുന്നു.

പാകിസ്താന്‍ ഒഴികെയുള്ള എല്ലാ രാജ്യങ്ങളുടെയും എംബസികള്‍ പ്രത്യേക വിമാനത്തില്‍ സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ അവശ്യ വസ്തുക്കള്‍ പോലുമില്ലാതെ പാക് വിദ്യാര്‍ഥികള്‍ ദുരിതം അനുഭവിക്കുകയാണ്. പാക് വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ടുവരികയാണെന്ന് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആ രാജ്യത്തെ എംബസി വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

വുഹാനില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനുള്ള നീക്കം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അമേരിക്ക, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെല്ലാം സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ്.

Top