Over 1900 parties in India, 400 never fought polls: EC

ന്യൂഡല്‍ഹി: രാജ്യാന്തരതലത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുള്ള രാജ്യമാണ് ഇന്ത്യ. ഇലക്ഷന്‍ കമ്മീഷന്റെ കണക്ക് അനുസരിച്ച് 1900 രാഷ്ട്രീയ പാര്‍ട്ടികളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 400 ലധികം പാര്‍ട്ടികള്‍ നാളിതുവരെ ഒരു തിരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിട്ടില്ല.

മത്സരരംഗത്ത് ഇറങ്ങാത്ത പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുകയാണ്. ഇത്തരം പാര്‍ട്ടികളെ ഒഴിവാക്കുന്നതിലൂടെ ആദായനികുതി ഇളവ് നേടുന്നതിനും സംഭാവനകള്‍ സ്വീകരിക്കുന്നതിനും വിലക്ക് വരും.

രാഷ്ട്രീയപാര്‍ട്ടികളില്‍ നാളിതുവരെ ഇലക്ഷനില്‍ മത്സരിച്ചിട്ടില്ലാത്ത പാര്‍ട്ടികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളോടും ആവശ്യപ്പെട്ടു. ഈ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ കണക്കും ചോദിച്ചിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കാന്‍ സജീവമല്ലാത്ത ഇത്തരം രാഷ്ട്രീയ പാര്‍ട്ടികളെ മറയാക്കുന്നതായി സംശയിക്കുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി പറഞ്ഞു.

അതേസമയം, ഇത്തരം പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ നടപടികള്‍ക്ക് കാലതാമസമുണ്ടാകുമെന്ന് സെയ്ദി അറിയിച്ചു. റദ്ദാക്കല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് പോകുമെന്നും എന്നാല്‍ നിലവില്‍ ഇത്തരം പാര്‍ട്ടികളെ കണ്ടെത്തി ലിസ്റ്റില്‍ നിന്നും പേര് വെട്ടുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ചെയ്യുന്നതെന്ന് സെയ്ദി സൂചിപ്പിച്ചു.

Top