അസമിൽ പിടയുന്ന സ്ത്രീത്വം ; പതിനൊന്ന് വർഷത്തിനിടെ മരിച്ചത് 1700 പേർ, റിപ്പോർട്ട് !

assamnew

ഗുഹാവത്തി:അസം സംസ്ഥാനത്ത് പലവിധ പീഡനങ്ങളാല്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷത്തിനിടെ 1,700, സ്ത്രീകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാര്‍ലമെന്ററി കാര്യ മന്ത്രി ചന്ദ്ര മോഹന്‍ പട്ടോവറാണ് നിയമ സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

2006 മുതല്‍ 2018 മാര്‍ച്ച് 23 വരെയുള്ള കണക്ക് പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. ലൈഗീക പീഡനം, സ്ത്രീധന പീഡനം, ദുര്‍മന്ത്രവാദമരോപണം തുടങ്ങി പല വിധ പീഡനങ്ങളിലാണ് സംസ്ഥാനത്ത് സ്ത്രീകള്‍ കൊല്ലപ്പെടുന്നത്.

ഇതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടത് സ്ത്രീധന പീഡനത്തിലാണ്. 1,606 സ്ത്രീകളാണ് സ്ത്രീധന പീഡനം മൂലം അസമിൽ കൊല്ലപ്പെട്ടത്. 80 പേര്‍ കൊല്ലപ്പെട്ടത് ദുര്‍മന്ത്രവാദം ആരോപിച്ചുള്ള പീഡനത്തിലാണ്.

സ്ത്രീ സുരക്ഷയ്ക്കായി സര്‍ക്കാര്‍ പുതിയ ടോള്‍ഫ്രീ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്. 181-സ്ത്രീ ശക്തി എന്ന പേരിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വ്യക്തവും ശക്തവുമായ നടപടി സ്വീകരിക്കാന്‍ അതാത് ജില്ലകളിലെ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ദിവസേന കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതി രൂപീകരിക്കാണമെന്നാവശ്യപ്പെട്ട് ഗുഹാവത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top