over 150 people gathered but no one helped wounded delhi

ന്യൂഡല്‍ഹി :കവര്‍ച്ചക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ വെടിയേറ്റ പൊലീസുകാരന്‍ ജീവനുവേണ്ടി പൊരുതുമ്പോള്‍ സഹായിക്കാതെ കണ്ടുനിന്നത് നൂറ്റമ്പതോളം പേര്‍.

പൊലീസ് കോണ്‍സ്റ്റബിള്‍ ആനന്ദ് സിങ്ങാണ് കൃത്യനിര്‍വഹണത്തിനിടെ ദാരുണമായി മരിച്ചത്. ഇന്നലെ ഡല്‍ഹിയിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

മൂന്നുപേര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ കൊള്ളയടിക്കുന്നതുകണ്ട ആനന്ദ് സിങ് കവര്‍ച്ചക്കാരെ തടയാനെത്തി. ആനന്ദിനെ വെടിവച്ചുവീഴ്ത്തിയ അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

വെടിയേറ്റിട്ടും അക്രമികളുടെ പിന്നാലെ ഓടിയ ആനന്ദിന് അവരെ പിടികൂടാനായില്ല. കുഴഞ്ഞുവീണ ആനന്ദിനെ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ ചുറ്റുംകൂടിയ ആള്‍ക്കൂട്ടം ശ്രമിച്ചില്ല.

പിന്നീട് സംഭവസ്ഥലത്തെത്തിയ പൊലീസാണ് ആനന്ദിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു.

നൂറ്റമ്പതോളം പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നിട്ടും ഒരാള്‍ പോലും ആനന്ദിനെ സഹായിക്കാന്‍ എത്തിയില്ലെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു. ‘ഒരു ഹീറോയെപ്പോലെയാണ് ആനന്ദ് അക്രമികളെ നേരിട്ടത്.

ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കവര്‍ച്ചക്കാരെ പിടികൂടാന്‍ അദ്ദേഹം ഉച്ചത്തില്‍ അലറി വിളിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ അവിടെ ഉണ്ടായിരുന്നവരാരും അതു ചെവിക്കൊണ്ടില്ല. എനിക്കും അദ്ദേഹത്തെ സഹായിക്കാന്‍ കഴിഞ്ഞില്ല. കാരണം അംഗവൈകല്യമുള്ള വ്യക്തിയാണ് ഞാന്‍.

ആനന്ദ് താഴെ വീണപ്പോള്‍ അദ്ദേഹത്തിനു ചുറ്റും നിരവധിപ്പേര്‍ തടിച്ചുകൂടി. അദ്ദേഹം മരിക്കുന്നതു കണ്ടുനിന്നു. അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍പോലും ആരും തയാറായില്ല.’ : ദൃക്‌സാക്ഷി പറഞ്ഞു.

1988 ലാണ് ആനന്ദ് സിങ് ഡല്‍ഹി പൊലീസില്‍ ചേര്‍ന്നത്. ആനന്ദിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനു ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Top