പാക്കിസ്ഥാനിലെ ചാവേര്‍ സ്‌ഫോടനങ്ങളില്‍ മരണം 133 ആയി; പിന്നില്‍ ഐ.എസ്

കറാച്ചി: പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്കിടെ ഉണ്ടായ രണ്ട് ചാവേര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 133 ആയി. ബലൂചിസ്താന്‍, ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യകളിലാണ് സ്ഫോടനങ്ങളുണ്ടായത്. 200 ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തു.

ബലൂചിസ്താന്‍ അവാമി പാര്‍ട്ടി (ബി.എ.പി) നേതാവും സ്ഥാനാര്‍ഥിയുമായ സിറാജ് റെയ്സാനി ഉള്‍പ്പെടെയുള്ളവരാണ് മസ്തുങ് പ്രദേശത്തുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ബലൂചിസ്താന്‍ മുന്‍ മുഖ്യമന്ത്രി നവാബ് അസ്ലം റെയ്സാനിയുടെ സഹോദരനാണ് സിറാജ് റെയ്സാനി.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ക്വറ്റയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

എം.എം.എ പാര്‍ട്ടിയുടെ നേതാവ് അക്രം ഖാന്‍ ദുറാനി നടത്തിയ റാലിക്കിടെയാണ് രണ്ടാമത്തെ സ്ഫോടനമുണ്ടായത്. ദുറാനി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

എന്നാല്‍ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിക്കുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭയന്ന് പിന്മാറില്ലെന്ന് തെഹ്രീക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാനെതിരെ മത്സരിക്കുന്ന ദുറാനി മാധ്യമങ്ങളോട് പറഞ്ഞു.

Top