സിറിയയിൽ അമേരിക്ക നടത്തുന്ന ആക്രമണത്തിൽ 40 മാസത്തിനിടയിൽ കൊല്ലപ്പെട്ടത് 10,000 പേർ

Syria

ഡമസ്കസ്:സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനക്കെതിരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങളിൽ കഴിഞ്ഞ 40 മാസത്തിനിടയിൽ കൊല്ലപ്പെട്ടത് 10,000 പേരെന്ന് പുതിയ റിപ്പോർട്ട്. മനുഷ്യാവകാശ നിരീക്ഷണ സംഘം ചൊവ്വാഴ്ച്ചയാണ് പുതിയ റിപ്പോർട്ട് പുറത്തിറക്കിയത്.

കണക്കുകൾ പ്രകാരം, 655 കുട്ടികൾ ഉൾപ്പെടെ 2,815 സാധാരണക്കാരും 7,396 തീവ്രവാദികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.വടക്കൻ, കിഴക്കൻ സിറിയയിലെ ശക്തമായ ഭൂരിഭാഗം ഇസ്ലാമിക് സ്റ്റേറ്റ് ഭീകര ശക്തികൾ തകർന്നിട്ടും അമേരിക്ക ആക്രമണം തുടരുകയാണെന്നും ലണ്ടൻ ആസ്ഥാനമായ വാച്ച്ഡോഗ് ഗ്രൂപ്പ് വ്യക്തമാക്കുന്നു.

നിലവിൽ സിറിയയിലെ മൂന്ന് ശതമാനത്തോളം മാത്രമേ ഭീകര സംഘടനയുടെ നിയന്ത്രണത്തിലുള്ളു. അമേരിക്ക നടത്തുന്നത് നിയമവിരുദ്ധമാണെന്നും,അനുവാദമില്ലാതെയാണ് വ്യോമാക്രമണങ്ങൾ നടത്തുന്നതെന്നും സിറിയൻ ഗവൺമെന്റ് വിമർശിച്ചിരുന്നു.

തീവ്രവാദികളെ കൂടാതെ സാധാരണക്കാരായ ജനങ്ങളും ആക്രമണത്തിൽ ഇരയാകുന്നതിനാൽ അമേരിക്കൻ സേനയെ പിരിച്ചുവിടാൻ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2011മുതൽ ആരംഭിച്ച ആഭ്യന്തരയുദ്ധത്തിൽ സിറിയ പൂർണമായും തകർന്നിരുന്നു.

ബാദ് പാർട്ടിയുടെ നേതൃത്ത്വത്തിലുള്ള സിറിയൻ സർക്കാരും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടത്തുന്ന വിമത സൈന്യവും തമ്മിലുള്ള ആഭ്യന്തരയുദ്ധമാണ് സിറിയൻ ആഭ്യന്തരയുദ്ധം. 2011 മാർച്ച് 15 മുതൽ ആരംഭിച്ച ആഭ്യന്തരയുദ്ധം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

യൂറോപ്യൻ യൂണിയനും അമേരിക്കയും പരസ്യമായി വിമത സൈന്യത്തിനെ പിന്തുണയ്ക്കുന്നു. തുടക്കത്തിൽ പ്രസിഡൻറ് ബാഷർ അൽ അസദിനെതിരെയുള്ള പ്രക്ഷോഭം സമാധാനപരമായിരുന്നു. എന്നാൽ സർക്കാർ അടിച്ചമർത്തൽ തുടങ്ങിയതോടെ സ്ഥിതി അക്രമാസക്തമായി. യുദ്ധത്തിൽ ഇരുവശത്തും നിന്നും ഗുരുതരമായ മനുഷ്യാവകാശധ്വംസനം നടന്നതായി ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം കണ്ടെത്തുകയുണ്ടായി.

Top