ഇന്ത്യന്‍ വിപണിയിലെ മികച്ച പ്രകടനം; വില്‍പ്പനയില്‍ 62 ശതമാനം വളര്‍ച്ചയുമായി ടാറ്റ ഹാരിയര്‍

ന്ത്യന്‍ വിപണിയിലെ മികച്ച പ്രകടനം തുടര്‍ന്ന് ടാറ്റയുടെ ഹാരിയര്‍ എസ്‌യുവി. 2021 ഓഗസ്റ്റിലെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ എസ്യുവിയുടെ 2,743 യൂണിറ്റുകള്‍ രാജ്യത്ത് വിറ്റതായി ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഓഗസ്റ്റില്‍ വിറ്റ ടാറ്റ ഹാരിയറിന്റെ 1,694 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പനയില്‍ 62 ശതമാനം വളര്‍ച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

ഇതോടെ നെക്‌സോണ്‍, അള്‍ട്രോസ്, ടിയാഗോ എന്നീ മോഡലുകളുടെ പിന്നില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നാലാമത്തെ ടാറ്റ കാറായി ഹാരിയര്‍ മാറി. 2018 ഓട്ടോ എക്‌സ്‌പോയില്‍ H5X എന്ന പേരില്‍ അവതരിപ്പിച്ച വാഹനമാണ് ഹാരിയര്‍. തുടര്‍ന്ന് 2019 ജനുവരി ആദ്യവാരമാണ് വാഹനത്തെ ടാറ്റ വിപണിയില്‍ അവതരിപ്പിച്ചത്. കുറഞ്ഞ വിലയില്‍ ശക്തമായ സുരക്ഷയും വമ്പന്‍ സാങ്കേതികവിദ്യയും സമ്മാനിച്ച വാഹനത്തിന് അന്നുമുതല്‍ വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ജാഗ്വാര്‍ ആന്റ് ലാന്റ് റോവറുമായി ചേര്‍ന്ന് ഒപ്ടിമല്‍ മോഡുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് സാങ്കേതികവിദ്യയനുസരിച്ച് വാഹനത്തിന്റെ രൂപകല്‍പ്പന. ജാഗ്വാര്‍ ആന്റ് ലാന്‍ഡ് റോവറിന്റെ ഡി8 പ്ലാറ്റ് ഫോമിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. 2.2 ദശലക്ഷം കിലോമീറ്റര്‍ വരുന്ന ദുര്‍ഘടമായ പാതകളിലൂടെ ഹാരിയര്‍ ഡ്രൈവ് ചെയ്ത് പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

പൂനെയിലെ 90 ശതമാനവും ഓട്ടോമേറ്റഡായ പുതിയ അസംബ്ലി ലൈനിലാണ് ഹാരിയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ ആറ് വ്യത്യസ്ത വകഭേദങ്ങളിലായി 22 ഓളം വേരിയന്റുകളാണ് ഹാരിയറില്‍ ടാറ്റ വാഗ്ദാനം ചെയ്യുന്നത്.

പരമാവധി 170 bhp കരുത്തില്‍ 350 Nm torque ഉത്പാദിപ്പിക്കുന്ന ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഹ്യുണ്ടായിയില്‍ നിന്നും കടമെടുത്ത ആറു സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന്‍ ഉപയോഗിച്ച് വാഹനം തെരഞ്ഞെടുക്കാം. എസ്യുവിയില്‍ 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാര്‍-ടെക്, പനോരമിക് സണ്‍റൂഫ് തുടങ്ങിയ സംവിധാനങ്ങളെല്ലാം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒപ്പം സെനോണ്‍ എച്ച്‌ഐഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, 6-വേ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, 9-സ്പീക്കര്‍ ജെബിഎല്ലില്‍ നിന്നുള്ള പ്രീമിയം ഓഡിയോ സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള 7 ഇഞ്ച് ഡിസ്‌പ്ലേ, ഒരു ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, മള്‍ട്ടിപ്പിള്‍ ഡ്രൈവ് മോഡുകള്‍ തുടങ്ങിയവയും ടാറ്റ ഹാരിയറിലെ പ്രധാന സവിശേഷതകളാണ്.

ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് ഡിസെന്റ്, ഇബിഡിയുള്ള എബിഎസ്, 6 എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റോള്‍ഓവര്‍ മിറ്റിഗേഷന്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയവ ഹാരിയറിന് സുരക്ഷ ഒരുക്കുന്നു.

ഡേറ്റോണ ഗ്രേ, കാമോ ഗ്രീന്‍, ഡാര്‍ക്ക് (ഒബറോണ്‍ ബ്ലാക്ക്), ഓര്‍ക്കസ് വൈറ്റ്, കാലിപ്‌സോ റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ അണിഞ്ഞൊരുങ്ങിയാണ് ടാറ്റ ഹാരിയര്‍ വിപണിയില്‍ എത്തുന്നത്. ഇവയെ ഓര്‍ക്കസ് വൈറ്റ്, കാലിപ്‌സോ റെഡ് എന്നിവയെ വ്യത്യസ്തമായ കറുത്ത മേല്‍ക്കൂരയുമായി ജോടിയാക്കാനും സാധിക്കും.

 

Top