മോഷണം പോയവയില്‍ ദേശീയ പുരസ്‌കാരം മാത്രം തിരിച്ചു നല്‍കി മോഷ്ടാക്കള്‍

തമിഴ്‌നാട് : തമിഴ് സംവിധായകന്‍ എം. മണികണ്ഠന്റെ വസതിയില്‍ നിന്ന് കളവുപോയ സാധനങ്ങളില്‍ ദേശീയ പുരസ്‌കാരം മാത്രം തിരിച്ചു നല്‍കി മോഷ്ടാക്കള്‍. സംവിധായകന്റെ ഡ്രൈവറുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കേയാണ് സംഭവത്തില്‍ പുതിയൊരു വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മണികണ്ഠന്റെ ഉസലംപട്ടിയിലെ വീട്ടില്‍ നിന്ന് ഒരുലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണാഭരണവും രണ്ട് ദേശീയ അവാര്‍ഡ് മെഡലുകളും മോഷണം പോയത്. ഇതില്‍ ദേശീയ പുരസ്‌കാരത്തിന്റെ മെഡലുകളാണ് കഴിഞ്ഞദിവസം രാത്രി മോഷ്ടാക്കള്‍ തിരികെ നല്‍കിയത്. കവറിലാക്കി മെഡലുകള്‍ വീടിന്റെ ഗേറ്റിനുമുകളില്‍ വെയ്ക്കുകയായിരുന്നു. ഇതിനൊപ്പം ഒരു കത്തുമുണ്ടായിരുന്നു. ക്ഷമിക്കണമെന്നും നിങ്ങള്‍ അധ്വാനിച്ച അംഗീകാരം നിങ്ങള്‍ക്കുള്ളതാണ് എന്നുമാണ് കത്തിന്റെ ഉള്ളടക്കം. ഇതിനു ശേഷം മോഷ്ടാക്കള്‍ കടന്നു കളഞ്ഞെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോഷ്ടാക്കള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

2014-ല്‍ പുറത്തിറങ്ങിയ ‘കാക്ക മുട്ടൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മണികണ്ഠന്‍. 2022-ല്‍ പുറത്തിറങ്ങിയ കടൈസി വിവസായിയാണ് ഇദ്ദേഹത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ‘കൃമി’, ‘കുട്രമേ ദണ്ഡനൈ’, ‘ആണ്ടവന്‍ കട്ടളൈ’ എന്നിവയാണ് മണികണ്ഠന്‍ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

Top