ബെല്‍ജിയം പുറത്ത്; ക്രൊയേഷ്യയും മൊറോക്കോയും പ്രീ ക്വാര്‍ട്ടറില്‍

ദോഹ: ജീവന്‍ മരണ പോരട്ടത്തില്‍ ക്രോയേഷ്യക്കെതിരെ ബെല്‍ജിയം ഗോള്‍രഹിത സമനില വഴങ്ങി ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. ഗോളെന്നുറപ്പിച്ച അരഡ‍സന്‍ അവസരങ്ങള്‍ കളഞ്ഞു കുളിച്ചതാണ് ബെൽജിയം പുറത്താകാൻ കാരണമായത്. അഞ്ച് പോയന്റുമായി ക്രോയേഷ്യ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ അവസാന മത്സരത്തില്‍ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് മൊറോക്കോ ഏഴ് പോയന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. തോല്‍വിയോടെ ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറ കൂടിയാണ് ലോക ഫുട്ബോള്‍ വേദിയില്‍ നിന്ന് വിടപറയുന്നത്.

ബെല്‍ജിയം മുന്നേറ്റ നിരയില്‍ റൊമേലു ലുക്കാകുവിന് ഗോളിലേക്ക് രണ്ടാം പകുതിയില്‍ മാത്രം മൂന്ന് തുറന്ന അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല. ഒരു തവണ പോസ്റ്റ് വില്ലനായപ്പോള്‍ രണ്ട് തവണ ലുക്കാവിന്റെ ഷോട്ട് പുറത്തേക്ക് പോയി. 61ാം മിനിറ്റിലാണ് ക്ലോസ് റേഞ്ചില്‍ ഗോളെന്നുറച്ച ലുക്കാക്കുവിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചത്. ഒരു മിനിറ്റിനകം ഗോളി പോലും ഇല്ലാതെ പോസ്റ്റില്‍ ലഭിച്ച തുറന്ന അവസരം പോസ്റ്റിലേക്ക് ഹെഡ് ചെയ്തിടാന്‍ ലുക്കാവുിനായില്ല. ലുക്കാകുവിന്റെ ഹെഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.

രണ്ടാം പകുതിയില്‍ എങ്ങനെയെും ഗോളടിക്കുക എന്ന ലക്ഷ്യത്തോടെ ബെല്‍ജിയം ആക്രമിച്ചു കയറിയതോടെ എങ്ങനെയും പ്രതിരോധിക്കുക എന്നത് മാത്രമായി ക്രൊയേഷ്യയുടെ തന്ത്രം. അതിലവര്‍ വിജയിക്കുകയും ചെയ്തു. പലപ്പോഴും നിര്‍ഭാഗ്യവും ബെല്‍ജിയത്തിന്റെ വഴി മുടക്കി. ആദ്യ പകുതിയില്‍ യാനിസ് കരാസ്കോയുടെ ഫൗളിന് ക്രോയേഷ്യക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചെങ്കിലും വാര്‍ ചെക്കില്‍ അത് പിന്നീട് നിഷേധിച്ചു.

മുന്നേറ്റനിരയിൽ റൊമേലു ലുക്കാക്കു, ഈഡൻ ഹസാർഡ്, മധ്യനിരയിൽ കെവിൻ ഡിബ്രുയിൻ, പ്രതിരോധത്തിൽ യാൻ വെർട്ടോംഗൻ, ഗോൾ വലയ്ക്കു മുന്നിൽ തിബോ ക്വോർട്വ എന്നിവരെല്ലാം ബെൽജിയം ഫുട്ബോളിലെ സുവർണ തലമുറയാണ്. ഈ ലോകകപ്പോടെ ഈ തലമുറ അവസാനിക്കുകയാണ്. കഴിഞ്ഞ ലോകകപ്പില്‍ സെമി ഫൈനലിസ്റ്റുകളായ ബെല്‍ജിയം മൂന്നാ സ്ഥാനം സ്വന്തമാക്കിയിരുന്നു. ഫിഫ റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുന്നത് അട്ടിമറികള്‍ ഒരുപാട് നടന്ന ഖത്തര്‍ ലോകകപ്പിലെ മറ്റൊരു അട്ടിമറിയായി.

മറ്റൊരു പോരാട്ടത്തില്‍ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളിന് മടക്കി മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്വാര്‍ട്ടറിലെത്തി. നാലാം മിനിറ്റില്‍ ഹാകിം സിയെച്ചിന്‍റെ ഗോളില്‍ മുന്നിലെത്തിയ മൊറോക്കോ 23-ാം മിനിറ്റില്‍ യൂസഫ് എന്‍ നെസ്യരിയുടെ ഗോളില്‍ ലീ‍ഡുയര്‍ത്തി. 40-ാം മിനിറ്റില്‍ മൊറോക്കോയുടെ നയിഫ് അഗ്വേര്‍ഡിന്‍റെ സെല്‍ഫ് ഗോളില്‍ കാനഡ ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് ഗോളടിക്കാന്‍ അനുവദിക്കാതെ മൊറോക്കോ കാനഡയെ പിടിച്ചു കെട്ടി.

Top