മറ്റ് കളിക്കാരില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ് അദ്ദേഹം; ബുംറയെ പുകഴ്ത്തി ഇതിഹാസ താരം

മെല്‍ബണ്‍: ആധുനിക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളാണ് ജസ്പ്രീത് ബുംറ. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐപിഎല്ലിലൂടെ തുടങ്ങി പിന്നീട് ഇന്ത്യന്‍ ടീമിലെത്തുകയും ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റുകളിലും സ്ഥിരം സാന്നിധ്യവുമായി മാറിയ താരമാണ് ബുംറ.

ഇപ്പോള്‍ ഇതാ ടെസ്റ്റ് പരമ്പരയിലെ ബുംറയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി രംഗത്തു വന്നിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ ഇതിഹാസ ഫാസ്റ്റ് ബൗളറായിരുന്ന ഡെന്നിസ് ലില്ലി. സാധാരണ പേസ് ബൗളര്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്‌നാണ് ബുംറയെന്നു ലില്ലി അഭിപ്രായപ്പെട്ടു. ബുംറയുടെ ബൗളിങ് ആക്ഷന്‍ വളരെ അധികം കൗതുകമുണര്‍ത്തുന്നതാണെന്ന് ലില്ലി പറഞ്ഞു. ചെറിയ ഒരു റണ്ണപ്പോടെയെത്തിയാണ് ബുംറ ബൗള്‍ ചെയ്യുന്നത്. ബൗള്‍ ചെയ്യുമ്പോഴാവട്ടെ താരത്തിന്റെ കൈ വളരെ സ്‌ട്രെയിറ്റുമാണ്. ഒരു ടെക്സ്റ്റ് ബുക്ക് ശൈലിയിലുള്ള ബൗളിങ് ആക്ഷനല്ല ബുംറയുടേത്. എന്നാല്‍ അതു ഫലം കാണുന്നുവെന്നതാണ് ശ്രദ്ധേയമെന്നും അദ്ദേഹം പറഞ്ഞു.

ബുംറയുടെ ബൗളിങ് ആക്ഷന്‍ കാണുമ്പോള്‍ തനിക്ക് ജെഫ് തോംസണിനെയാണ് ഓര്‍മ വരാറുള്ളതെന്നും ലില്ലി പറഞ്ഞു. ബുംറയുടെ ബൗളിങിന് തോംസണിന്റെ അത്ര വേഗതയില്ല. എന്നാല്‍ സ്ഥിരം പേസര്‍മാരുടെ എല്ലാ ചട്ടക്കൂടുകളും പൊളിക്കുന്ന ബൗളിങ് ആക്ഷനും തന്ത്രങ്ങളുമാണ് ഇരുവരും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട സാമ്യമമെന്നും ലില്ലി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ ലോകോത്തര ഫാസ്റ്റ് ബൗളര്‍മാരാണ് ഉയര്‍ന്നുവരുന്നതെന്നും ഇതു കാണുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും ലില്ലി കൂട്ടിച്ചേര്‍ത്തു.

Top