ലോകത്തിന് മാതൃകയായ കേരളസര്‍ക്കാരിന് നാലുവര്‍ഷം തികയുന്നു

നിപ്പയും വെള്ളപ്പൊക്കവും ഓഖിയും കൊവിഡും കടന്ന് എല്‍.ഡി.എഫ്. സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കി അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്നു.ലോകരിത്രത്തില്‍ തന്നെ മനുഷ്യന്‍ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നായ കോവിഡ്-19 മഹാമാരിയെ അതിജീവിക്കാനുള്ള പോരാട്ടത്തിനിടയിലൂടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നാലാം വര്‍ഷം പൂര്‍ത്തിയാകുന്നത്.

2018-ലെ മഹാപ്രളയം, കഴിഞ്ഞവര്‍ഷം വന്ന അതിതീവ്ര മഴ, ഓഖി, നിപ എന്നിവ കേരളത്തെ കഠിനമായി ബാധിച്ചു. അവയുടെ ആഘാതത്തില്‍നിന്ന് കരകയറാനും കേരള പുനര്‍നിര്‍മാണ പദ്ധതി ആവിഷ്‌കരിച്ച് മുന്നോട്ടുവരുമ്പോഴാണ് കോവിഡ്-19 എത്തിയത്. ഒരുപക്ഷേ, എല്ലാ വികസന പ്രവര്‍ത്തനങ്ങളും സ്തംഭിച്ചുപോകുമായിരുന്നു. അത്തരമൊരു ദുരവസ്ഥയിലേക്ക് നാടിനെ തള്ളിവിടാതെ നവകേരള സൃഷ്ടിക്കായുള്ള ഉറച്ച ചുവടുവെപ്പാണ് കേരള സര്‍ക്കാര്‍ നടത്തിയത്.

നവകേരള കര്‍മപദ്ധതിയുടെയും മിഷനുകളുടെയും ഫലപ്രാപ്തിയെ സൂചിപ്പിക്കുന്നതാണ് കോവിഡ്കാലത്തെ നമ്മുടെ അതിജീവന അനുഭവങ്ങള്‍. ലൈഫ് മിഷനു കീഴില്‍ 2,19,154 വീടുകളുടെ നിര്‍മാണമാണ് ഇതുവരെ ഇടത് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. പൊതുവിദ്യാലയങ്ങള്‍ ഹൈടെക്കായി മാറിയിരിക്കുന്നു. ആയിരം സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാകുന്നു. ഇതിന്റെയെല്ലാം ഫലമായി പൊതുവിദ്യാലയങ്ങളില്‍ കഴിഞ്ഞവര്‍ഷം അഞ്ചുലക്ഷത്തിലേറെ കുട്ടികളാണ് അധികമായി ചേര്‍ന്നത്.

390 കിലോമീറ്റര്‍ നീളത്തില്‍ പുഴകളും 36,000 കിലോമീറ്റര്‍ നീര്‍ച്ചാലുകളും പുനരുജ്ജീവിപ്പിച്ചതുള്‍പ്പെടെ കേരളത്തിന്റെ പച്ചത്തുരുത്തുകള്‍ തിരിച്ചുപിടിക്കാനുള്ള മുന്നേറ്റമാണ് ഹരിതകേരളം മിഷനിലൂടെ സാധ്യമായത്. ഇന്ത്യയില്‍ ആദ്യ കോവിഡ്ബാധ ഉണ്ടായത് കേരളത്തിലാണ്. ഉയര്‍ന്ന ജനസാന്ദ്രതയും പ്രവാസി കേരളീയരുടെ എണ്ണക്കൂടുതലും ഇവിടെ കൂട്ടമായി പാര്‍ക്കുന്ന അതിഥി തൊഴിലാളികളും -ഇങ്ങനെ രോഗബാധ പടരുന്നതിനുള്ള എല്ലാ സാഹചര്യവുമുള്ള സംസ്ഥാനമാണ് നമ്മുടേത്. അത്തരമൊരു അപകടത്തില്‍നിന്ന് കേരള മാതൃക ലോക മാധ്യമങ്ങളുടെ വരെ ചര്‍ച്ചയ്ക്കായത് ഇടത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ്.

ആര്‍ദ്രം മിഷനിലൂടെ പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ നാം ഉന്നത നിലവാരത്തിലെത്തിച്ചു. ആരോഗ്യസൂചികകളില്‍ ആഗോള നിലവാരത്തിലേക്ക് കേരളം ഉയര്‍ന്നു. അതിന്റെ തുടര്‍ച്ചയാണ് കോവിഡ് പ്രതിരോധത്തില്‍ ലോകംമുഴുവന്‍ ആദരവോടെ വീക്ഷിക്കുന്ന നിലയിലേക്ക് കേരളത്തിന് മുന്നേറാന്‍ കഴിഞ്ഞത്.

കൊറോണ വൈറസ് ബാധയ്ക്കു ജനങ്ങള്‍ തളരാതെ കൈപിടിക്കാനായി ഈ ദുരിതകാലത്തെ അതിജീവിക്കാനുള്ള 20,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് രാജ്യത്താദ്യമായി പ്രഖ്യാപിച്ചത് കേരളമാണ്. സമൂഹ അടുക്കളകളിലൂടെയുള്ള ഭക്ഷണവിതരണവും സൗജന്യ രോഗചികിത്സയും കോവിഡ് ആശുപത്രികളുടെ അതിവേഗത്തിലുള്ള സജ്ജീകരണവുംകേരളത്തിന്റെ സവിശേഷനേട്ടങ്ങളാണ്.

Top