‘നമ്മുടെ പഴയ ശത്രുക്കള്‍ പുതിയ രൂപങ്ങളില്‍ വരാം’ ; അംബേദ്കറുടെ പ്രസംഗം പങ്കുവച്ച് ഷെയ്ന്‍ നിഗം

രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്ന പശ്ചാത്തലത്തില്‍ അംബേദ്കറുടെ പ്രസംഗം പങ്കുവച്ച് ഷെയ്ന്‍ നിഗം. നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിക് അബു എന്നിവര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചതിന് പിന്നാലെയാണ് ഷെയ്ന്‍ അംബേദ്കറുടെ പ്രസംഗം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കരട് ഭരണഘടനയുടെ മൂന്നാം വായനയ്ക്കുശേഷം നടന്ന ചര്‍ച്ചകള്‍ ക്രോഡീകരിച്ചുകൊണ്ട് അംബേദ്കര്‍ നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗമാണ് ഷെയ്ന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഒരു പത്രത്തില്‍ വന്നതാണ് ഈ ഭാഗം. ‘നമ്മുടെ പഴയ ശത്രുക്കള്‍ പുതിയ രൂപങ്ങളില്‍ വരാം’ എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

ചരിത്രം ആവര്‍ത്തിക്കുമോ അത് എന്നെ ഉല്‍ക്കണ്ഠാകുലനാക്കുന്നു. നമ്മുടെ പഴയ ശത്രുക്കള്‍ പുതിയ രൂപങ്ങളില്‍ വരാം. ജാതിയുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ വിവിധ രാഷ്ട്രീയപാ ര്‍ടികള്‍ രൂപീകരിച്ചിരിക്കുന്നു. അവര്‍ രാഷ്ട്രീയവിശ്വാസങ്ങളില്‍ ഏറ്റുമുട്ടാന്‍ പോകുന്നു. അവരുടെ വിശ്വാസത്തിനു മുകളില്‍ രാഷ്ട്രത്തെ സ്ഥാപിക്കുമോ അതോ രാഷ്ട്രത്തിനു മുകളില്‍ അവരുടെ വിശ്വാസത്തെ സ്ഥാപിക്കുമോ എന്നാല്‍, ഒരു കാര്യം ഞാന്‍ വ്യക്തതയോടെ പറയാം. നമ്മുടെ രാഷ്ട്രീയപാര്‍ടികള്‍ രാജ്യത്തിനു മുകളില്‍ വിശ്വാസത്തെ സ്ഥാപിച്ചാല്‍ നമ്മുടെ സ്വാതന്ത്ര്യം എന്നന്നേക്കുമായി നഷ്ടപ്പെടും. ഇതു നമ്മള്‍ എപ്പോഴും ഓര്‍ക്കണം. അവസാന രക്തത്തുള്ളിയും നല്‍കി സ്വാതന്ത്ര്യത്തെ നാം കാത്തുസൂക്ഷിക്കണം. എന്നാണ് ഷെയ്ന്‍ പങ്കുവെച്ച അംബേദ്കറുടെ പ്രസംഗത്തിലെ ഭാഗം.

‘നമ്മുടെ ഇന്ത്യ’ എന്നെഴുതി കൂപ്പുകൈകളുടെ ഇമോജി ചേര്‍ത്താണ് നേരത്തേ പാര്‍വതി പോസ്റ്റ് പങ്കുവച്ചത്. ‘ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്ന് ആഷിഖ് അബുവും ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന് റിമയും ചിത്രത്തിനൊപ്പം കുറിച്ചു. ഇവരുടെ പ്രതികരണത്തെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.

Top