‘ഭിന്നശേഷിക്കാരെ പിന്തുണക്കാൻ നമ്മുടെ സജ്ജീകരണങ്ങൾ അപര്യാപ്തം’; വീൽചെയറിൽ പാർലമെന്റിലെത്തി ശശി തരൂര്‍

ദില്ലി: ഇടതുകാല് ഉളുക്കിയതിനെ തുടർന്ന് വീൽചെയറിലാണ് ശശി തരൂർ എംപി പാർലമെന്റിലെത്തിയത്. തുടർന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പും ഒപ്പം വീൽചെയറിലിരിക്കുന്ന തന്റെ ചിത്രവും പങ്കുവെച്ചു. കുറിപ്പ് ഇങ്ങനെയാണ്. ”പാർലമെന്റിലേക്ക് നിങ്ങൾക്ക് വീൽചെയറിൽ പ്രവേശിക്കേണ്ടി വരുമ്പോൾ, റാംപുള്ള ഒരു കവാടം മാത്രമേയുള്ളൂ. അത് ഡോർ 9ലാണ്. ഈ താത്ക്കാലിക വൈകല്യം, ഭിന്നശേഷിക്കാരെ ആളുകളെ പിന്തുണക്കാൻ നമ്മുടെ സജ്ജീകരണങ്ങൾ എത്രത്തോളം അപര്യാപ്തമാണെന്ന് എന്നെ പഠിപ്പിച്ചു.”

നിരവധി പേരാണ് തരൂരിന്റെ കുറിപ്പിന് പ്രതികരണവുമായി എത്തിയത്. ഭിന്നശേഷിക്കാരായ വ്യക്തികളും അവരിൽ ഉൾപ്പെട്ടിരുന്നു. ”അദ്ദേഹത്തിന്റെ താത്ക്കാലിക പരിക്കിൽ സഹായികളായി മൂന്നു പേരുണ്ട്. എന്നാൽ രാജ്യത്തെ വലിയൊരു ശതമാനം വരുന്ന ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഇത്തരം കാര്യങ്ങൾ സ്വയം ചെയ്യേണ്ടി വരുന്നുണ്ടെ”ന്നും ചിലർ പ്രതികരണത്തിൽ ചൂണ്ടിക്കാണിച്ചു.

”ഇത്തരമൊരു പ്രശ്നം സ്വയം അനുഭവിക്കുന്നത് വരെ ഇക്കാര്യത്തെക്കുറിച്ച് ആർക്കും മനസ്സിലാകില്ല. ആരെയും കുറ്റപ്പെടുത്താനല്ല. നിങ്ങളെ സഹായിക്കാൻ ആളുണ്ടായിരുന്നു. 25 വർഷം അധ്യാപകനായി ജോലി ചെയ്ത ഭിന്നശേഷിക്കാരനായ ഒരു വ്യക്തിയെക്കുറിച്ച് ഓർക്കുക. ഒന്നാം നിലയിലേക്ക് ക്ലാസെടുക്കാൻ എല്ലാ ദിവസവും പടികൾ കയറി അദ്ദേഹത്തിന് പോകേണ്ടി വന്നു.” ഒരാളുടെ പ്രതികരണമിങ്ങനെ. ഇങ്ങനെ നിരവധി ആളുകളാണ് ഭിന്നശേഷിക്കാരായ ആളുകളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് പ്രതികരിച്ചത്.

കഴിഞ്ഞ ദിവസമാണ് പാർലമെന്റിൽ കാലു തെറ്റി വീണ് ശശി തരൂരിന്റെ കാലിന് ഉളുക്ക് സംഭവിച്ചത്. ഔദ്യോ​ഗിക പരിപാടികൾ മാറ്റിവെച്ചതായും വിശ്രമത്തിലാണെന്നും ശശി തരൂർ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു.

Top