ത്രിപുരയിലും ക്രോസ് വോട്ടിങ്; ദ്രൗപതി മുർമുവിന് രണ്ട് വോട്ട് കുറഞ്ഞു

ഡൽഹി: ത്രിപുരയിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹക്ക് അനുകൂലമായി ക്രോസ് വോട്ടിങ്. പ്രതീക്ഷിച്ചതിലും രണ്ട് വോട്ടാണ് സിൻഹക്ക് അധികമായി ലഭിച്ചത്. ദ്രൗപതി മുർമുവിന് ലഭിക്കേണ്ട ആകെ വോട്ടിൽ രണ്ട് വോട്ടിന്റെ കുറവുണ്ടായി. സംഭവത്തിൽ സഖ്യകക്ഷിയായ ഐപിഎഫ്ടി പാർട്ടിയെ കുറ്റപ്പെടുത്തി ബിജെപി രം​ഗത്തെത്തി. പാർട്ടി എംഎൽഎമാരാരും ക്രോസ് വോട്ട് ചെയ്തിട്ടില്ലെന്ന് ത്രിപുരയിലെ ബിജെപി അവകാശപ്പെട്ടു.

പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്‌ക്ക് വോട്ട് ചെയ്‌തതായി നേരത്തെ സംശയിച്ചിരുന്ന എംഎൽഎമാരെ പാർട്ടിയുടെ ആഭ്യന്തര അന്വേഷണത്തിൽ നിന്ന് ഒഴിവാക്കി. വിമത എംഎൽഎമാരായ ദിബ ചന്ദ്ര ഹ്രാങ്ഖാൾ, ബർബ മോഹൻ ത്രിപുര എന്നിവർക്കെതിരെ സംശയമുയർന്നിരുന്നു. എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമുവിന് 43 വോട്ടുകൾക്ക് പകരം 41 വോട്ടുകൾ ലഭിച്ചപ്പോൾ സിൻഹ 18 വോട്ടുകൾ നേടി. സി.പി.ഐ.എമ്മിന് 15ഉം കോൺഗ്രസിന് ഒരാളുമാണ് നിയമസഭയിൽ ഉള്ളത്. ഒരാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ക്രോസ് വോട്ട് ചെയ്ത എംഎൽഎമാർ ഐപിഎഫ്ടി പാർട്ടിയിൽ നിന്നുള്ളവരാണെന്നാണ് ബിജെപി വാദം. അവരുടെ രണ്ട് എംഎൽഎമാർ പാർട്ടിയുമായി സഹകരിക്കുന്നില്ലെന്നും ഐപിഎഫ്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാണെന്നും ബിജെപി നേതാക്കൾ പറയുന്നു. ​ഗണ്യമായ ആദിവാസി ജനസംഖ്യയുള്ള ത്രിപുരയിൽ നിന്ന് ദ്രൗപതി മുർമുവിന് വോട്ട് കുറഞ്ഞത് ബിജെപിക്ക് തിരിച്ചടിയാണ്. അതേസമയം, കേരളത്തിൽ നിന്നടക്കം ദ്രൗപതി മുർമുവിന് അനുകൂലമായി ക്രോസ് വോട്ടിങ് നടന്നുവെന്നതും ശ്രദ്ധേയം. ​ഗുജറാത്ത്, അസം, യുപി, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് മുർമുവിന് അനുകൂലമായി വോട്ട് ലഭിച്ചു.

Top