മലയാളം വെബ്‌സീരീസുകളുടെ നിര്‍മാണത്തിനായി കോടികളിറക്കാന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍

കൊച്ചി: കേരളത്തില്‍നിന്നുള്ള പ്രമേയങ്ങള്‍ക്ക് ലോകമെങ്ങും പ്രേക്ഷകര്‍ വര്‍ധിച്ചതോടെ മലയാളം വെബ്‌സീരീസുകളുടെ നിര്‍മാണത്തിനായി കോടികളിറക്കാന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍. ഏതാണ്ട് 100 കോടിയിലധികം രൂപയാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ ഇതിനായി മുടക്കുന്നത്. പ്രശസ്ത സംവിധായകരും താരങ്ങളും വെബ്‌സീരീസുകള്‍ക്ക് പിറകെയാണിപ്പോള്‍. ഡിസ്നി ഹോട്ട്സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, സോണി ലിവ് എന്നിവയെല്ലാം വന്‍തോതില്‍ പണം മുടക്കിത്തുടങ്ങിക്കഴിഞ്ഞു. ഡിസ്നി ഹോട്ട്സ്റ്റാറാണ് മുന്‍പന്തിയില്‍. ഇവരുടെ രണ്ട് വെബ്‌സീരീസുകള്‍ ഇതിനകം റിലീസ് ചെയ്തു. ഉടന്‍ രണ്ടെണ്ണംകൂടി ഉടനെത്തും. അഞ്ചെണ്ണം നിര്‍മാണഘട്ടത്തിലാണ്. എല്ലാത്തിലും മുന്‍നിരതാരങ്ങളാണ് അഭിനയിക്കുന്നത്.

സോണി ലിവ് ഒരെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. രണ്ടെണ്ണത്തിന് അനുമതിയായിട്ടുമുണ്ട്. നെറ്റ്ഫ്‌ളിക്‌സ് ആകട്ടെ മലയാളത്തിലെ ഒരു പ്രശസ്തസംവിധായകനുമായി വെബ്‌സീരീസ് സംബന്ധിച്ച ആദ്യഘട്ടചര്‍ച്ച പൂര്‍ത്തിയാക്കി. ആമസോണ്‍ പ്രൈമും ആദ്യ മലയാളം വെബ്‌സീരീസിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളിലാണ്.

ഇന്ത്യയിലെ മറ്റുഭാഷകളിലും വിദേശമലയാളികളിലും മലയാളം വെബ്‌സീരീസുകള്‍ക്ക് കാഴ്ചക്കാരേറെയാണ് എന്ന കണ്ടെത്തലാണ് ഒ.ടി.ടി.ക്കാരെ ആ വഴിക്ക് നയിച്ചത്. വലിയതോതില്‍ പുതിയ വരിക്കാരെ സൃഷ്ടിക്കാനാകും എന്നാണ് അവരുടെ റിസര്‍ച്ച് അനലിസ്റ്റുകളുടെ പഠനം. ഡിസ്‌നി ഹോട്ട്സ്റ്റാറിന്റെ രണ്ടു വെബ്‌സീരീസുകളും നിശ്ചയിച്ച സമയത്തിനു മുമ്പുതന്നെ വാണിജ്യലക്ഷ്യം നേടിക്കഴിഞ്ഞു.

Top