ഒടിടി – സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര നീക്കം

ന്യൂഡല്‍ഹി:രാജ്യത്തെ എല്ലാത്തരം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് 2021 എന്ന പേരില്‍ നിലവിലെ നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്, വാര്‍ത്ത വിനിമയകാര്യ മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍, ന്യൂസ് സൈറ്റുകള്‍, വിവിധ സമൂഹമാധ്യമങ്ങള്‍ എന്നിങ്ങനെ എല്ലാത്തരം ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും പുതിയ നിയമങ്ങള്‍ക്ക് കീഴില്‍ വരും. ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം, ട്വിറ്റര്‍ എന്നീ സോഷ്യല്‍ മീഡിയ മെസേജിംഗ് ആപ്പുകള്‍ക്കും യൂട്യൂബ്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയ വീഡിയോ പ്ലാറ്റ് ഫോമുകള്‍ക്കും എല്ലാത്തരം ഓണ്‍ലൈന്‍ ന്യൂസ് ചാനലുകള്‍ക്കും എന്റര്‍ടെയ്ന്‍മെന്റ പോര്‍ട്ടലുകള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും. ചെങ്കോട്ട സംഘര്‍ഷത്തെ ചൊല്ലി ട്വിറ്ററുമായി ഏറ്റുമുട്ടിയ കേന്ദ്രസര്‍ക്കാര്‍ അതിനു പിന്നാലെയാണ് ഡിജറ്റല്‍ മാധ്യമങ്ങളെ പിടിച്ചു കെട്ടാനുളള നിയമവുമായി കേന്ദ്രം മുന്നോട്ട് വരുന്നത്.

സമൂഹ മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വിമര്‍ശിക്കാനും യോജിക്കാനുള്ള സ്വാതന്ത്രം രാജ്യത്തുണ്ട്. മാധ്യമങ്ങള്‍ രാജ്യത്തെ ജനങ്ങളെ ശക്തിപ്പെടുത്തുന്നു എന്ന കാര്യവും അംഗീകരിക്കുന്നു. പക്ഷേ സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമപരിഷ്‌കാരം കൊണ്ടു വരുന്നത്.

സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യമുണ്ട്. അത് തടയേണ്ടതാണ്. സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണവും വലിയ ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് വേണം പ്രവര്‍ത്തിക്കാന്‍. ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികള്‍ കൃത്യമായി പരിഹരിക്കാന്‍ ഇവിടൊരു സംവിധാനം ആവശ്യമാണ്.

പുതിയ നിയമ പ്രകാരം എല്ലാ ഒടിടി – സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും അതിലെ ഉള്ളടക്കത്തിനെതിരെ പൊതുജനങ്ങളില്‍ നിന്നും വരുന്ന പരാതികള്‍ സ്വീകരിക്കാനും നടപടി എടുക്കാനും കൃത്യമായ സംവിധാനമുണ്ടാക്കണം. പരാതി പരിഹാര സെല്ലില്‍ ഒരു ഉദ്യോഗസ്ഥന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കണം. 15 ദിവസത്തിനകം പൊതുജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കി അവരെ വിവരമറിയിക്കണം.

നിയമവിരുദ്ധമായ എല്ലാ ഉള്ളടക്കവും സമയബന്ധിതമായി അതത് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നീക്കം ചെയ്യണം. തങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനവും ഉള്ളടക്കവും സംബന്ധിച്ചുയരുന്ന പരാതികള്‍ പരിഹരിക്കാന്‍ ഒരു മുഖ്യ ഉദ്യോഗസ്ഥനെ എല്ലാ ഡിജിറ്റല്‍ മീഡിയ പ്ലാറ്റുഫോമുകളും നിയമിക്കണം.

പ്രചരിക്കുന്ന സന്ദേശങ്ങളുടെയോ ട്വീറ്റിന്റേയോ യഥാര്‍ത്ഥ നിര്‍മ്മാതാവിനെ കണ്ടെത്താന്‍ സംവിധാനം വേണം. ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ ത്രിതല സംവിധാനമാണ് ഉദ്ദേശിക്കുന്നത്. ഉള്ളടക്കത്തിനെതിരെ എന്തെങ്കിലും തരത്തില്‍ പൊലീസ് കേസോ മറ്റു നിയമനടപടികളോ ഉണ്ടായാല്‍ ഉത്തരവാദിത്തപ്പെട്ട അന്വേഷണസംഘത്തിന് 72 മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട ഡിജിറ്റല്‍ കമ്പനി വിവരങ്ങള്‍ കൈമാറണം. വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചാല്‍ അതിന്റെ ഉറവിടം വെളിപ്പെടുത്തണം. ലൈംഗീകപരമായ ദൃശ്യങ്ങളുടെ പരാതിയില്‍ 24 മണിക്കൂറിനുള്ളില്‍ ഉള്ളില്‍ നടപടിയുണ്ടാകണം. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സ്വയംനിയന്ത്രിത സംവിധാനം വേണം എന്നതാണ് ഏറ്റവും പ്രധാനം.

നിലവിലുള്ള ഐടി ആക്ടിനെ പരിഷ്‌കരിച്ചാണ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് ഉണ്ടാക്കുന്നത്, അല്ലാതെ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പുതിയൊരു നിയമം കൊണ്ടു വരികയല്ല സര്‍ക്കാര്‍ ചെയ്യുന്നത്. ഐടി ആക്ടിന്റെ ഭാഗമായി നിലവില്‍ ടെലിവിഷന്‍ ചാനലുകളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ സംവിധാനമുണ്ട്. അതേമാതൃകയില്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും നിയന്ത്രണം കൊണ്ടു വരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

വിരമിച്ച ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെയോ പ്രമുഖ വ്യക്തികളുടേയോ നേതൃത്വത്തിലാകണം നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്തേണ്ടത്. ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിഗം ആപ്പുകളുടെ കാര്യത്തില്‍ പ്രായഭേദമനുസരിച്ച് ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കണം. 13 വയസ്സിന് മുകളില്‍, 16 വയസ്സിന് മുകളില്‍, പ്രായപൂര്‍ത്തിയാവുന്നവര്‍ക്ക് കാണാവുന്നത് എന്നിങ്ങനെ വേണം സെന്‍സറിംഗ് നടപ്പാക്കാന്‍. അഡല്‍ട്ട് കണ്ടന്റുകള്‍ കുട്ടികള്‍ക്ക് കാണാന്‍ ആകാത്ത രീതിയില്‍ രക്ഷകര്‍ത്താക്കള്‍ക്ക് ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനം ഏര്‍പ്പെടുത്തണം.

വാര്‍ത്ത പോര്‍ട്ടലുകളുടെ നടത്തിപ്പ് ആരാണെന്ന കാര്യം കൃത്യമായി സര്‍ക്കാരിനെ അറിയിക്കണം. സമൂഹ മാധ്യമങ്ങള്‍ക്കുള്ള നിയമങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. എല്ലാ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും രാജ്യത്ത് പ്രവര്‍ത്തിക്കാം പക്ഷേ ഇരട്ടത്താപ്പ് പാടില്ല. ക്യാപിറ്റോള്‍ ഹില്‍സില്‍ അക്രമം ഉണ്ടാകുമ്പോള്‍ സമൂഹമാധ്യമങ്ങള്‍ പോലീസ് നടപടിയെ പിന്തുണയ്ക്കുന്നു. ചെങ്കോട്ടയില്‍ അക്രമം ഉണ്ടാകുമ്പോള്‍ ഇരട്ടത്താപ്പ് കാണിക്കുന്നു എന്നും കേന്ദ്രം വ്യക്തമാക്കി.

Top