പ്രേക്ഷകരുടെ എണ്ണത്തിൽ കേബിൾ ടിവിയെ മറികടന്ന് ഒടിടി പ്ലാറ്റ്‌ഫോമുകൾ

ടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ പുതിയ സിനിമകളും സീരീസുകളും തേടി പോകുന്നവരാണ് യുവ തലമുറയിൽ കൂടുതൽ ആളുകളും. ഇപ്പോൾ ഇതാ കേബിൾ ടിവിയെ മറികടന്ന് മുൻപന്തിയിൽ എത്തിയിരിക്കുകയാണ് ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ. യുഎസിലാണ് സംഭവം. ആഗോള മാർക്കറ്റിങ് ഗവേഷണ സ്ഥാപനമായ നീൽസൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഒടിടി പ്ലാറ്റ്‌ഫോമുകൾ വൻ റീലിസുകൾക്ക് ഒരുങ്ങുന്ന സമയമാണ്. കഴിഞ്ഞ ദിവസമാണ് എച്ച്ബിഒ മാക്‌സിന്റെ ഹൗസ് ഓഫ് ഡ്രാഗൺ ഡിസ്‌നീ പ്ലസ് ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്തത്. കൂടാതെ സെപ്തംബർ ഒന്നു മുതൽ ലോർഡ് ഓഫ് ദി റിങ്‌സ് ആമസോൺ പ്രൈമിലും റീലിസ് ചെയ്യും. യുഎസ് ഉൾപ്പെടെയുള്ള വിപണികളിൽ റീലിസുകൾ സ്ട്രോങ് ആക്കുകയാണ് ഒടിടി കമ്പനികളുടെ ലക്ഷ്യം.

34.8 ശതമാനം സ്ട്രീമിങാണ് യുഎസിലെ ആകെ ടെലിവിഷൻ ഉപഭോഗത്തിലുള്ളത്. 34.4 ശതമാനമാണ് കേബിൾ ഉപഭോഗം, ബ്രോഡ്കാസ്റ്റ് ടിവി 21.6 ശതമാനമാണ്. നേരത്തെ തന്നെ ഒടിടി ബ്രോഡ്കാസ്റ്റ് ടിവിയെ മറികടന്നിരുന്നു. ആദ്യമായാണ് കേബിൾടിവി/യെ ഒടിടി മറികടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ജനങ്ങളുടെ ടിവി ഉപഭോഗ രീതികൾ എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതിനെ കുറിച്ച് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ട്. ആഗോള തലത്തിൽ തന്നെ ഇത്തരം ട്രെൻഡിന് സമാനമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകൂട്ടൽ. കേബിൾ ബ്രോഡ്കാസ്റ്റ് ഉപഭോക്താക്കളുടെ എണ്ണം വർഷം കഴിയുന്തോറും കുറയുകയാണ്. ഒടിടി ഉപഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധനയും ഉണ്ടാകുന്നുണ്ട്.

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ആഴ്ചയിൽ 19,100 കോടി മിനിറ്റ് നേരത്തോളം ആളുകൾ ചെലവിടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജൂണിലെ പോലെ തന്നെ ജൂലൈയിലും പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ്, ഹുലു, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകളാണ് ഉപഭോഗത്തിന്റെ കാര്യത്തിൽ മുന്നിലുള്ളത്. സ്‌ട്രേഞ്ചർ തിങ്‌സ് സീസൺ 4 റിലീസ് ചെയ്തതോടെ നെറ്റ്ഫ്ലിക്സും വളർന്നു. 1800 കോടി അധിക ഉപഭോക്താക്കളെയാണ് നെറ്റ്ഫ്‌ളിക്‌സിന് ലഭിച്ചത്. അതായത് ഉപഭോഗം 8% ആയി വർധിച്ചിട്ടുണ്ട്.

എന്നാൽ കേബിൾ ടിവി ഉപഭോക്താക്കളുടെ എണ്ണം ജൂലായിൽ രണ്ട് ശതമാനത്തോളം ഇടിഞ്ഞു. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 8.9 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. കായികമത്സരങ്ങൾ കാണുന്ന ഉപഭോക്താക്കളുടെ എണ്ണം ജൂണിൽ നിന്നും 15.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഒരു വർഷത്തിന്റെ കണക്ക് നോക്കിയാൽ ഇതിൽ 34 ശതമാനത്തിന്റെ ഇടിവുണ്ടായതായി കാണാം

Top