ഒ.ടി.ടി പ്ലാറ്റ്‌ഫോം രാജ്യത്തെ നശിപ്പിക്കുന്നു: മോഹന്‍ ഭാഗവത്

mohanbagavath

നാഗ്പുര്‍: ഒടിടി പ്ലാറ്റ്‌ഫോമുകളും ലഹരിക്കടത്തും ബിറ്റ്‌കോയിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പണമെത്തിക്കാനുള്ള ഉപാധിയായി ഉപയോഗിക്കുന്നുണ്ടെന്നും ഇത്തരം നടപടികള്‍ നിയന്ത്രിക്കണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ദസറ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ അസ്ഥിരപ്പെടുത്താന്‍ ബിറ്റ്‌കോയിനു കഴിയുമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. രാജ്യത്തിന്റെ പുരോഗതി തടസപ്പെടുത്താനുള്ള ആഗോള താല്‍പര്യങ്ങളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്നവയ്ക്കു യാതൊരു നിയന്ത്രണങ്ങളും ഇല്ലെന്ന് ആര്‍എസ്എസ് മേധാവി കുറ്റപ്പെടുത്തി. എല്ലാ തരം ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുകയാണ്. ഏതു തരത്തിലാണു നിയന്ത്രിക്കാന്‍ കഴിയുക. കോവിഡ് കാലമായതോടെ കുട്ടികള്‍ ഉള്‍പ്പെടെ മൊബൈല്‍ ആസക്തിക്ക് അടിപ്പെട്ടിരിക്കുകയാണ്. അവര്‍ എന്തൊക്കെയാണു കാണുന്നതെന്ന് ആര്‍ക്കറിയാം-മോഹന്‍ ഭാഗവത് പറഞ്ഞു.

രാജ്യത്തു വര്‍ധിച്ചുവരുന്ന ലഹരിക്കടത്തിലും ആര്‍എസ്എസ് മേധാവി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം കച്ചവടങ്ങളില്‍ നിന്നുള്ള പണം ചില വിദേശ രാജ്യങ്ങള്‍ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Top