‘പടവെട്ടി’നെ പ്രശംസിച്ച് ഒടിടി പ്രേക്ഷകര്‍

നിവിൻ പോളി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘പടവെട്ട്’. ചിത്രം നെറ്റ്‍ഫ്ലിക്സില്‍ ലഭ്യമാണ് ഇപ്പോള്‍. രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായിരുന്ന ചിത്രത്തിന്റെ സ്‍ട്രീമിംഗ് റൈറ്റ്‍സ് വലിയ തുകയ്‍ക്കാണ് നെറ്റ്‍ഫ്ലിക്സ് വാങ്ങിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ‘പടവെട്ടി’ന് തിയറ്ററില്‍ ലഭിക്കാതെ പോയ മികച്ച പ്രതികരണം ഒടിടിയിൽ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

‘പടവെട്ടി’ന്റേത് കാമ്പുള്ള കണ്ടന്റ് എന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്. ഇത്രയും ശക്തമായ കണ്ടന്റ് ഇത്ര മികവോടെ സ്‍ക്രീനില്‍ അടുത്തിടെ വന്നിട്ടില്ല. സംഗീതവും കാഴ്‍ചക്കാരനിലേക്ക് ചിത്രത്തെ ചേര്‍ത്തു നിര്‍ത്തുന്ന തരത്തിലുള്ളതാണ്. ആദ്യ സംവിധാന സംരഭത്തില്‍ തന്നെ ലിജു കൃഷ്‍ണ ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത് എന്നൊക്കെയാണ് ഒടിടിയില്‍ ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.

വിക്രം മെഹ്‍റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹിൽ ശർമ്മ കോ പ്രൊഡ്യൂസറാണ്. ബിബിൻ പോൾ, സുരാജ് കുമാർ, അക്ഷയ് വൽസംഗ്‌ക്കർ. ആശിഷ് മെഹ്റ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ക്രീയേറ്റീവ് പ്രൊഡ്യൂസർ അഭിജിത്ത് ദേബ്.

‘മാലൂർ’ എന്ന ഗ്രാമത്തിലെ കർഷക ജീവിതത്തിന്റെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തിൽ നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ദീപക് ഡി മേനോൻ ആണ്. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി, സംഗീതം ഗോവിന്ദ് വസന്ത, കലാസംവിധാനം സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, വരികള്‍ അൻവർ അലി, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, വിഷ്വൽ ഇഫക്ട്സ് മൈൻഡ്സ്റ്റിൻ സ്റ്റുഡിയോസ് എന്നിവരുമാണ്.

Top