രോഗലക്ഷണങ്ങളില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ജോലി ചെയ്യാം; ഉത്തരവ് തിരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് പോസിറ്റീവായ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാമെന്ന പൊതുഭരണവകുപ്പിന്റെ ഉത്തരവ് തിരുത്തി സംസ്ഥാന സര്‍ക്കാര്‍. ഉത്തരവിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. ഇതര സംസ്ഥാന തൊഴിലാളി കൊവിഡ് രോഗിയാണെങ്കില്‍ വിശ്രമം അനുവദിക്കാമെന്നാണ് പുതിയ ഉത്തരവ്.

ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളാണെങ്കില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കാമെന്നാണ് നേരത്തെ പൊതുഭരണവകുപ്പ് വ്യക്തമാക്കിയിരുന്നത്. വേണ്ട മുന്‍കരുതലുകളോടെ സുരക്ഷിതമായി വേര്‍തിരിച്ച സ്ഥലങ്ങള്‍ ഇവരെ ജോലിക്ക് നിയോഗിക്കാമെന്നും മറ്റ് തൊഴിലാളികളുമായോ ജീവനക്കാരുമായോ സമ്പര്‍ക്കം പാടില്ല എന്നും ഉത്തരവില്‍ സൂചിപ്പിച്ചിരുന്നു. കൊവിഡ് നിരീക്ഷണകേന്ദ്രങ്ങള്‍ക്കുള്ള മാര്‍ഗരേഖ പ്രകാരമാവണം ഇവര്‍ക്ക് താമസസൗകര്യവും ഭക്ഷണവും ഒരുക്കേണ്ടത്

രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ദിശയുമായി ബന്ധപ്പെടണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റേത് വിചിത്ര നിര്‍േദശം ആണെന്നാണ് കെജിഎംഒഎ പറഞ്ഞത്. ലക്ഷണങ്ങള്‍ ഇല്ലെങ്കിലും കൊവിഡ് രോഗിക്ക് വിശ്രമമാണ് വേണ്ടതെന്നും കെജിഎംഒഎ പറഞ്ഞു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവ് തിരുത്തിയത്.

Top