ലോക്ക് ഡൗണ്‍ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചു; ഒരു ഇതര സംസ്ഥാന തൊഴിലാളി കൂടി അറസ്റ്റില്‍

കൊല്ലം: കൊല്ലം പായിപ്പാട് ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തില്‍ ഒരു അതിഥി തൊഴിലാളി കൂടി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ അന്‍വര്‍ അലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.ഇന്നലെ അതിഥി തൊഴിലാളികള്‍ പ്രതിഷേധം നടത്തിയ പായിപ്പാട് കഴിഞ്ഞ ദിവസം ഒരു അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയതിനാണ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റിഞ്ചു എന്ന പശ്ചിമബംഗാള്‍ സ്വദേശിയാണ് അറസ്റ്റിലായത്.

ലോക്ക് ഡൗണ്‍ ലംഘിച്ച് ഇന്നലെ നൂറുകണക്കിന് തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ച സാഹചര്യത്തില്‍ പായിപ്പാട് മേഖലയില്‍ കര്‍ശന പൊലീസ് നിരീക്ഷണം തുടരുകയാണ്. മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം എത്തിക്കുന്നുണ്ട്.

കൊവിഡ് ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ അതിഥി തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചെന്ന കേസില്‍ സിഐടിയു നേതാവിനെതിരെ കേസെടുത്തിരുന്നു. സിഐടിയുവിന്റെ അതിഥി തൊഴിലാളി യൂണിയന്‍ പട്ടാമ്പി താലൂക്ക് സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെയാണ് കേസെടുത്തത്. 400 ലധികം അതിഥി തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചുവെന്നാണ് കേസ്.

Top