ഇസ്രയേലിന്റെ ഒഥല്ലോ-പി; അജ്ഞാത വെടിവയ്പ് കണ്ടെത്താൻ നൂതന സംവിധാനം

യുദ്ധരംഗത്തെ സൈനികരുടെ ഏറ്റവും വലിയ പേടിസ്വപ്‌നമാണ് സ്‌നൈപ്പർ റൈഫിളുകൾ. ദീർഘദൂരത്തിരുന്നു വെടിവയ്ക്കുന്ന സ്‌നൈപ്പർമാർ എവിടെയാണെന്നു മനസ്സിലാക്കി കൃത്യമായി പ്രത്യാക്രമണം നടത്താൻ ബുദ്ധിമുട്ടാണ്. ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ ഏയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ്. ഒഥല്ലോ-പി എന്ന പേരിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഓട്ടമാറ്റിക് ഗൺഫയർ ഡിറ്റക്ഷൻ സംവിധാനം ഫ്രാൻസിലെ പാരിസിൽ നടക്കുന്ന യൂറോസേറ്ററി ഡിഫൻസ് എക്‌സിബിഷനിലാണു പ്രദർശിപ്പിച്ചത്. ഇസ്രയേൽ ഏയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിന്റെ ഇന്നവേഷൻ സെന്ററിലാണ് ഒഥല്ലോ വികസിപ്പിച്ചത്. റോബട്ടിക്‌സ്, ഓട്ടണമസ് വാർഫെയർ, ആർട്ടിഫിഷ്യൽ ഇന്‌റലിജൻസ്, സ്‌പേസ് വെപ്പൺസ് തുടങ്ങി നവീന സാങ്കേതികവിദ്യകളിലെ പുതുതലമുറ ആയുധങ്ങളിലാണ് ഇവിടെ പ്രധാനമായും ഗവേഷണം നടക്കുന്നത്.

യുദ്ധരംഗത്തെ മാറ്റിമറിക്കുന്ന ഒരു ആവിഷ്‌കരണമാണ് ഒഥല്ലോയെന്ന് ഇസ്രയേൽ ഏയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് മാർക്കറ്റിങ് ഡയറക്ടർ ആഷർ ആബിഷ് പറയുന്നു. എല്ലാ കാലാവസ്ഥകളിലും യുദ്ധരംഗത്തും നഗരമേഖലകളിലും രാത്രിയും പകലും ഇതുപയോഗിക്കാമെന്ന് ഇസ്രയേൽ ഏയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് അധികൃതർ പറയുന്നു. 360 ഡിഗ്രി കവറേജുള്ള സംവിധാനം സേനകളുടെ കവചിത വാഹനങ്ങളിൽ സ്ഥാപിക്കാം. അജ്ഞാത വെടിവയ്പ് എവിടെനിന്നാണെന്നു കണ്ടെത്തി സൈനികരുടെ ടാബ്ലറ്റുകളിലേക്കും മറ്റു സ്മാർട് ഉപകരണങ്ങളിലേക്കും ഇതു വിവരം നൽകും. നൂതന സെൻസറുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണ സംവിധാനവുമുള്ള ഒഥല്ലോ ദൂരെ നിന്നുള്ള വെടിവയ്പ്, ഷെല്ലിങ്, മെഷീൻ ഗണ്ണുകൾ, ആർപിജി, സബ്‌സോണിക് ആയുധങ്ങൾ എന്നിവയുടെ ശ്രോതസ്സ് കണ്ടെത്തുകയും സൈനികർക്ക് വിവരം കൈമാറുകയും ചെയ്യും. കൂടുതൽ കൃത്യതയോടെയുള്ള പ്രത്യാക്രമണത്തിന് ഇതു വഴിയൊരുക്കും.

Top