ഉസ്മാനിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ പൊലീസ് പിടിയില്‍, വിദ്യാര്‍ത്ഥികള്‍ കലിപ്പില്‍

ഹൈദരാബാദ്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഉസ്മാനിയ സര്‍വകലാശാലയിലെ പ്രൊഫസറെ തെലങ്കാന പൊലീസ് അറസ്റ്റു ചെയ്തു. തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രത്തിന്റെ എഡിറ്ററുകൂടിയാണ് അറസ്റ്റിലായ സി കാസിം. അടുത്തിടിടെയാണ് റവല്യൂഷണറി റൈറ്റേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിയായി കാസിം തെരഞ്ഞെടുക്കപ്പെട്ടത്.

എന്നാല്‍ കാസിമിനെ നേരത്തെ തന്നെ പൊലീസ് നോട്ടമിട്ടിരുന്നു. മാവോയിസ്റ്റുകളുടെ ദൂതനായി ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് കാണിച്ച് പൊലീസ് കാസിമിനെതിരെ കേസെടുത്തിരുന്നു. ശനിയാഴ്ച കാസിമിന്റെ വീട്ടില്‍ മഫ്തിയിലെത്തിയ പൊലീസ് സംഘം ചില ബുക്കുകളും പിടിച്ചെടുത്തു. ഇതിന് ശേഷമാണ് കാസിമിനെ അറസ്റ്റ് ചെയ്ത ശേഷം രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയത്.

അതേസമയം തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഉസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ സമരം നടത്തി. ഇതേത്തുടര്‍ന്ന് ചില വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാവോയിസ്റ്റ് ബന്ധമെന്ന പേരില്‍ സര്‍ക്കാര്‍ ബുദ്ധിജീവികളെ ദ്രോഹിക്കുകയാണെന്ന് സിപിഐ നേതാവ് നാരായണ ആരോപിച്ചു. കാസമിനെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top