മെല്‍ബണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു ടെസ്റ്റുകളില്‍ കളിച്ച അതേ ടീമിനെ തന്നെ ഓസീസ് നിലനിര്‍ത്തുകയായിരുന്നു.
നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമും ഒപ്പമാണ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയവുമായി ഓസ്ട്രേലിയ തിരിച്ചടിക്കുകയായിരുന്നു. പെര്‍ത്തില്‍ ഒത്തൊരുമയോടെയുള്ള പ്രകടനമാണ് ടീം നടത്തിയതെന്നും ഇതേ പ്രകടനം തന്നെ തുടര്‍ന്നുള്ള കളികളിലും ഇതേ രീതിയില്‍ മുന്നോട്ടു പോവുന്നതിനു വേണ്ടിയാണ് മാറ്റങ്ങള്‍ വരുത്താതിരുന്നതെന്ന് ദേശീയ സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് പറഞ്ഞു.
മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസ്ല്‍വുഡ്, പീറ്റര്‍ സിഡ്ല്‍ എന്നിവര്‍ ടീമിലുള്ളതിനാല്‍ വീണ്ടുമൊരു പേസറെ ടീമിന് ആവശ്യമില്ലെന്നു ഹോണ്‍സ് വ്യക്തമാക്കി. അതുകൊണ്ടു തന്നെ രണ്ടാം ടെസ്റ്റിനു മുമ്പ് ടീമില്‍ നിന്നും ഒഴിവാക്കിയ പേസര്‍ ക്രിസ് ട്രമെയ്നിനെ തിരിച്ചുവിളിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ടു ടെസ്റ്റുകളിലും ഒരേ പ്ലെയിങ് ഇലവനെ തന്നെയാണ് ഓസീസ് ഇറക്കിയത്.
ഓസ്ട്രലിയന്‍ ടീം ടിം പെയ്ന് (ക്യാപ്റ്റന്‍), ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് ഹാരിസ്, ഉസ്മാന് ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്സോംബ്, ട്രാവിസ് ഹെഡ്ഡ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍, ജോഷ് ഹാസ്ല്!വുഡ്, മിച്ചെല്‍ മാര്‍ഷ്, പീറ്റര്‍ സിഡ്ല്‍.