ഓസ്‌കാര്‍ ഇനി മുതല്‍ ജനപ്രിയ സിനിമയ്ക്കും; ജനപ്രീതി കൂട്ടാന്‍ നിശ മൂന്നു മണിക്കൂറാക്കും

അമേരിക്ക: ഓസ്‌കാറില്‍ ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരവും നല്‍കുമെന്നും, ഓസ്‌കാര്‍നിശ മൂന്നു മണിക്കൂറായി ചുരുക്കുമെന്നും അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് സയന്‍സസ് അറിയിച്ചു.

ബോക്‌സ് ഓഫീസ് വിജയങ്ങള്‍ നേടിയ സ്റ്റാര്‍ വാര്‍സ്, വണ്ടര്‍ വുമണ്‍ പോലുള്ള വിപണി മൂല്യമുള്ള സിനിമകളെ തള്ളി മൂണ്‍ലൈറ്റ്, ദ് ഷെയ്പ് ഓഫ് വാട്ടര്‍ പോലെ കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കാണു സമീപ വര്‍ഷങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നല്‍കിയത്.

ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായ ‘ബ്ലാക് പാന്തറി’നു മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നല്‍കണമെന്ന വാദമുയര്‍ന്ന സാഹചര്യത്തിലാണു ജനപ്രിയ സിനിമ എന്ന പുതിയ വിഭാഗം കൂടി ഏര്‍പ്പെടുത്തുന്നത്. നിലവില്‍ നാലു മണിക്കൂര്‍ തല്‍സമയ സംപ്രേഷണമാണു ഓസ്‌കാര്‍ പുരസ്‌കാര വിതരണത്തിനുള്ളത്. മൂന്നു മണിക്കൂറാക്കാന്‍ 24 അവാര്‍ഡുകള്‍ പരസ്യ ഇടവേളകളില്‍ വിതരണം ചെയ്യുമെന്ന് അക്കാദമി അറിയിച്ചു. അതേസമയം, ജനപ്രിയ സിനിമയ്ക്കു പ്രത്യേക പുരസ്‌കാരം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

Top