ബോളിവുഡ് ചിത്രമാണ് ആര്‍ആര്‍ആര്‍ എന്ന് ഓസ്കർ അവതാരകന്‍ ജിമ്മി കിമ്മല്‍; പ്രതിഷേധം

ന്ത്യൻ സിനിമയ്ക്ക് അഭിമാനമായിരുന്നു ഇത്തവണത്തെ ഓസ്കർ. ആർആർആറിലൂടെയും ദ എലഫെന്റ് വിസ്പറേഴ്സിലൂടെയും രണ്ട് ഓസ്കാര്‍ പുരസ്കാരങ്ങളാണ് ഇന്ത്യയിലേക്ക് എത്തിയത്. ഡൊക്യുമെന്ററിക്കും ‘നാട്ടു നാട്ടു’ ​ഗാനത്തിനും പ്രശംസകൾ നിറയുന്നതിനിടെ ഓസ്‌കര്‍ അവതാരകന്‍ ജിമ്മി കിമ്മല്‍ നടത്തിയ പരാമർശം ആണ് ഇപ്പോൾ സിനിമാസ്വാദകരെ ചൊടിപ്പിച്ചിരിക്കുന്നത്.

രാജമൗലിയുടെ ആർആർആർ ഒരു ബോളിവുഡ് ചിത്രമാണെന്നാണ് ജിമ്മി പുരസ്കാര വേദിയിൽ പറഞ്ഞത്. നാട്ടു നാട്ടു എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഏതാനും നര്‍ത്തകര്‍ ചുവടുകളുമായെത്തി കിമ്മലിനെ വേദിയില്‍ നിന്ന് മാറ്റുന്നതായിരുന്നു രംഗം. ഇതിനിടെയായിരുന്നു കിമ്മിൽ ആര്‍ആര്‍ആര്‍ ബോളിവുഡ് ചിത്രമെന്ന് പറഞ്ഞത്. ഇത് ഇന്ത്യൻ സിനിമാസ്വാദകർക്ക് അത്ര രസിച്ചില്ല. സോഷ്യൽ മീഡിയകളിൽ പ്രതിഷേധ സൂചകമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.

ഓസ്‌കര്‍ വിവാദങ്ങളും സംഘര്‍ഷങ്ങളും ഇഷ്ടപ്പെടുന്നെന്നാണ് ഒരാളുടെ കമന്റ്. ‘ആര്‍ആര്‍ആര്‍ ഒരു ദക്ഷിണേന്ത്യന്‍ ചിത്രമാണ്, ഒരു തെലുങ്ക് ചിത്രം, ടോളിവുഡ്. ചിലര്‍ പറയുന്നതുപോലെ ബോളിവുഡ് അല്ല. ഇന്ത്യയിൽ വിവിധ ഭാഷകൾക്കായി വ്യത്യസ്ത സിനിമാ വ്യവസായങ്ങളുണ്ട്…ബോളിവുഡ് എന്നാൽ ഹിന്ദി ഭാഷാ സിനിമാ വ്യവസായം… ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ ഹിന്ദി ആയതിനാൽ ബോളിവുഡ് കൂടുതൽ ജനപ്രിയമാണ്.. ഇന്ത്യയുടെ തെക്ക് ഭാഗത്ത് നിന്നുള്ള ഒരു തെലുങ്ക് ഭാഷാ ചിത്രമാണ് ആർആർആർ’, എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.

കീരവാണിയുടെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് ഓസ്കര്‍ നേടിയിരിക്കുന്നത്. ഇരുപത് ട്യൂണുകളിൽ നിന്നും ‘ആർആർആർ’ അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോൾ കേൾക്കുന്ന ‘നാട്ടുവി’ലേക്ക് എത്തിയത്. ചന്ദ്രബോസിന്‍റേതാണ് വരികൾ. രാഹുൽ സിപ്ലിഗുഞ്ചിനൊപ്പം ചടുലഗാനത്തിന്റെ പിന്നണിയിൽ കീരവാണിയുടെ മകൻ കാലഭൈരവനും. എ ആർ റഹ്‍മാന് ശേഷം ഓസ്‍കര്‍ വീണ്ടും രാജ്യത്തെത്തുമ്പോൾ ഇന്ത്യൻ സിനിമാസംഗീതവും ആദരിക്കപ്പെടുന്നു.

Top