ഒസാമ ബിന്‍ ലാദന്റെ ‘അമേരിക്കയ്ക്കുള്ള കത്ത്’ വൈറല്‍

സ്രയേല്‍ – ഹമാസ് സംഘര്‍ഷം കൊടുമ്പിരി കൊണ്ടിരിക്കുവേ രണ്ട് ദശകത്തിന്റെ പഴക്കമുള്ള ഒരു കത്ത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ആ കത്ത് എഴുതിയതാകട്ടെ ഒരുകാലത്ത് അമേരിക്കയുടെ ഉറക്കം കെടുത്തിയ ഭീകര സംഘടന അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒരു ടിക് ടോക്ക് ഉപയോക്താവ് ബിന്‍ ലാദന്റെ ‘അമേരിക്കയ്ക്കുള്ള കത്ത്’ പ്രമേയമാക്കി ഗാസയില്‍ ഇസ്രയേല്‍ അഴിച്ചുവിടുന്ന ആക്രമണത്തെ പിന്തുണയ്ക്കുന്ന അമേരിക്കയുടെ നിലപാടിനെ വിമര്‍ശിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നാലെ കത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നെങ്കിലും ടിക് ടോക്കിന്റെ മുന്‍നിര ട്രെന്‍ഡുകളില്‍ ഇടം നേടാനായില്ല. തുടര്‍ന്ന്, മാധ്യമപ്രവര്‍ത്തകനായ യാഷര്‍ അലി ബിന്‍ ലാദന്റെ കത്തിനെ ആസ്പദമാക്കിയുള്ള ഇത്തരം ടിക് ടോക്ക് വീഡിയോകളുടെ സമാഹാരം മറ്റൊരു സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വേദിയായി.

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടായിരത്തില്പരം ആളുകളുടെ മരണത്തിനു കാരണമായ ‘9/11’ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനെ ന്യായീകരിച്ചും അമേരിക്കന്‍ സര്‍ക്കാരിനെയും വര്‍ഷങ്ങളായി അവര്‍ വച്ചുപുലര്‍ത്തുന്ന ഇസ്രയേല്‍ പിന്തുണയും വിമര്‍ശിച്ച് ഒസാമ ബിന്‍ ലാദന്‍ എഴുതിയ കത്താണ് സമൂഹമാധ്യമമായ ടിക് ടോക്കില്‍ ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തിന്റെ ചൂടുപിടിച്ച് തരംഗമായത്.അമേരിക്കന്‍ യുവാക്കള്‍ക്കിടയില്‍ കത്ത് ചര്‍ച്ചയായതോടെ 2002ല്‍ പ്രസിദ്ധീകരിച്ച ബിന്‍ ലാദന്റെ കത്തിന്റെ പൂര്‍ണരൂപം ബുധനാഴ്ച ‘ദി ഗാര്‍ഡിയന്‍’ അവരുടെ വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തു.

 

Top