ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് ഗാനമൊരുക്കി നാദിര്‍ഷയും വിനീത് ശ്രീനിവാസനും

ബി സി നൗഫലിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. കേരളത്തിലുള്ളവര്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു സാധാരണക്കാരനായ മലയാളിയായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങളെപ്പോലെ ഒരു കോമഡി ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥയും. നാദിര്‍ഷയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. കഴിഞ്ഞ ദിവസം വിനീത് ശ്രീനിവാസന്‍ ചിത്രത്തിനായി ഒരു ഗാനം ആലപിച്ചു. വി കെ ഹരിനാരായണന്റേതാണ് വരികള്‍. നാദിര്‍ഷായുടെ ശൈലിയും ഫാസ്റ്റ് ബീറ്റ്‌സും ചേര്‍ന്ന ഗാനമാണ് ഇത്.

വിഷ്ണു ഉണ്ണി കൃഷ്ണന്‍ , ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രം ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുജിത് വാസുദേവാണ് ക്യാമറ.

Top