ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കം ; ഭദ്രാസനാധിപനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

തൃശൂര്‍: അവകാശത്തെച്ചൊല്ലി തര്‍ക്കം നടന്നുകൊണ്ടിരിക്കുന്ന തൃശ്ശൂര്‍ മാന്നാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഓര്‍ത്തഡോക്‌സ് തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസിന് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്.

120 പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വധശ്രമം, കലാപ ശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിരവധി വൈദികരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. പള്ളിക്ക് മുന്‍പില്‍ തടിച്ചു കൂടിയ ഓര്‍ത്തഡോക്‌സ് വിഭാഗക്കാരെയും പള്ളിക്കുള്ളില്‍ സംഘടിച്ച യാക്കോബായ വിഭാഗക്കാരെയും രാത്രി 12 മണിയോടെ പൊലീസ് നീക്കിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.

കഴിഞ്ഞ രണ്ടു ദിവസമായി ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളി പ്രവേശനം ആവശ്യപ്പെട്ടു ഇവിടെ സമരത്തിലായിരുന്നു. ഗേറ്റ് തുറന്നു അകത്തു കടക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്നു യാക്കോബായ വിഭാഗം ആരോപിച്ചു. എന്നാല്‍ തങ്ങള്‍ക്കു നേരെ യാക്കോബായ വിഭാഗം കല്ലെറിയുകയായിരുന്നു വെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആരോപണം. സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ് ഭദ്രാസനാധിപന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കോടതി പ്രവേശന അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഓര്‍ത്തഡോക്‌സ് വിഭാഗം സംഘടിതമായി പള്ളിയില്‍ പ്രവേശിക്കാനെത്തി. പള്ളിയില്‍ നേരത്തെ തന്നെ സംഘടിച്ച യാക്കോബായ വിഭാഗം ഗേറ്റ് പൂട്ടി ഇവര്‍ പ്രവേശിക്കുന്നത് തടഞ്ഞു. തുടര്‍ന്ന് ഗേറ്റിനു പുറത്തു ഓര്‍ത്തഡോക്‌സ് വിഭാഗം പന്തല്‍ കെട്ടി സമരം നടത്തുകയായിരുന്നു.

Top