‘വൈദികര്‍ പാര്‍ട്ടി പ്രചാരകരാകരുത്, ശുശ്രൂഷയില്‍ നിന്ന് മാറിനില്‍ക്കണം’; ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

കോട്ടയം: വൈദികര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രചാരകരാകരുതെന്നും അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ സഭാശുശ്രൂഷയില്‍ നിന്ന് മാറിനില്‍ക്കണമെന്നും ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് തൃതീയന്‍ കതോലിക്ക ബാവ. വൈദികര്‍ മാധ്യമങ്ങളിലൂടെ പരസ്പരം ആരോപണം ഉന്നയിക്കുന്നത് അധമമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുന്നതും പരസ്യമായി പ്രവര്‍ത്തിക്കുന്നതും വിഭാഗീയതക്ക് കാരണമാകും. അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ സഭാ ശുശ്രുഷയില്‍നിന്ന് മാറിനില്‍ക്കണം. സഭാ തലത്തില്‍ പരിഹരിക്കാതെയുള്ള പ്രശ്‌നങ്ങള്‍ മാത്രമേ കോടതിയിലേക്ക് പോകാവൂ. അതിരു കടന്നാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാവും. അച്ചടക്ക നടപടി എടുക്കുമ്പോള്‍ നീരസപ്പെട്ടിട്ട് കാര്യമില്ല, കതോലിക്ക ബാവ പറഞ്ഞു.

ഹൃദയവേദനയോടെയാണ് കല്പന പുറത്തിറക്കുന്നത്. വൈദികരുടെ പെരുമാറ്റം സംബന്ധിച്ച് കൂടിവരുന്ന പരാതികള്‍ അത്യധികം ദുഃഖിപ്പിക്കുന്നുവെന്നും വൈദികര്‍ക്കയച്ച നിര്‍ദേശത്തില്‍ കതോലിക്ക ബാവ പറഞ്ഞു. വൈദികസ്ഥാനികള്‍ക്ക് വ്യക്തിപരമായ രാഷ്ട്രീയവീക്ഷണം ഉണ്ടാകുന്നത് സഭ വിലക്കുന്നില്ലെന്നും എന്നാല്‍ അത് പരസ്യമായി പ്രകടിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top